ഒരാഴ്ച കഴിഞ്ഞാൽ പൊതുജനങ്ങളുടെ പോക്കറ്റ് കാലിയാകുന്ന നിയമം നടപ്പിൽ വരും, അടിച്ചുപിരിഞ്ഞെങ്കിലും നിയമസഭ ഇന്നലെ ആ ബില്ലുകൾ പാസാക്കി
തിരുവനന്തപുരം: ഇന്ധനത്തിന് രണ്ടു രൂപ സെസ് മുതൽ കെട്ടിട നികുതിക്കും മദ്യത്തിനുംവരെ കൂട്ട നികുതി വർദ്ധന വരുത്തുന്ന ബഡ്ജറ്റ് നിർദ്ദേശങ്ങളടങ്ങുന്ന ധനകാര്യബില്ലുകൾ നിയമസഭ ചർച്ച കൂടാതെ പാസാക്കി. ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ. ഇതോടെ വില വർദ്ധനയിൽ പൊറുതി മുട്ടുന്ന സാധാരണക്കാർക്ക് കനത്ത ആഘാതമാകും.
ഭൂമിയുടെ ന്യായവില 20 ശതമാനമായി വർദ്ധിപ്പിച്ചതിനൊപ്പം സ്റ്റാമ്പ് ഡ്യൂട്ടി എട്ട് ശതമാനമായി ഏകീകരിച്ചതോടെ ഭൂമിയുടെ രജിസ്ട്രേഷൻ നിരക്ക് കുത്തനെ ഉയരും. കെട്ടിട നികുതിക്ക് 5% വാർഷിക വർദ്ധനയും ഭൂമിയുടെ ന്യായവില അനുസരിച്ചുള്ള വർദ്ധനയും വരും. ഭൂമിയുടെ ന്യായവില കൂടി ഉൾപ്പെടുത്തുന്നതോടെ നഗരപ്രദേശങ്ങളിലെ കെട്ടിട നികുതിയിൽ വൻവർദ്ധനയുണ്ടാകും. ന്യായവില പരിഷ്കരിക്കുമ്പോഴെല്ലാം കെട്ടിട നികുതിയും കൂടും.
ഉടമ സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്ര മീറ്ററിൽ കുറവുള്ള കെട്ടിടങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കി. കെട്ടിട നികുതിയിലോ തദ്ദേശസ്ഥാപനങ്ങളുടെ ഫീസിലോ വീഴ്ച വരുത്തിയാൽ പ്രതിമാസ പിഴ ഒരു ശതമാനത്തിൽ നിന്ന് രണ്ടായി കൂട്ടി.