വിവാഹിതയ്ക്കൊപ്പം നാടുവിട്ട ഹമീദ് താമസിച്ചത് വാടകയ്ക്ക്, തേടിയെത്തിയ യുവതിയുടെ വീട്ടുകാർ ക്രൂരമായി മർദിച്ച ശേഷം മൂക്ക് ചെത്തിക്കളഞ്ഞു
അജ്മീർ: വിവാഹിതയായ യുവതിയുടെ കാമുകനെ ആക്രമിച്ച പിതാവും സഹോദരങ്ങളും പിടിയിൽ. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. കഴിഞ്ഞ ജനുവരിയിലാണ് ഇരുപത്തിരണ്ടുകാരി കാമുകനായ ഇരുപത്തിയഞ്ചുകാരനായ ഹമീദ് ഖാനോടൊപ്പം ഒളിച്ചോടിയത്.
അജ്മീർ ജില്ലയിലെ ഗെഗാൾ ഗ്രാമത്തിൽ ഇവർ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് കുടുംബാംഗങ്ങൾ യുവതിയേയും കാമുകനെയും കണ്ടെത്തിയത്. തുടർന്ന് മാതാപിതാക്കളും നാല് സഹോദരങ്ങളും കമിതാക്കൾ താമസിക്കുന്ന സ്ഥലത്തെത്തി, യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോയി.
യുവതിയെ കൊണ്ടുപോയതിന് ശേഷം തിരിച്ചെത്തിയ പിതാവും സഹോദരങ്ങളും ഹമീദ് ഖാന്റെ മൂക്ക് ചെത്തിക്കളഞ്ഞു. ഇരുമ്പ് വടി കൊണ്ട് മർദിക്കുകയും ചെയ്തു. ക്രൂരമായി ആക്രമിച്ച ശേഷം വഴിയരികിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. യുവാവ് തൊട്ടടുത്ത ആശുപത്രിയിൽ ചികിത്സ തേടിയതിന് പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു.