സ്വപ്നയുടെ നിയമനത്തിൽ അന്വേഷണം, വിശദാംശങ്ങൾ തേടി, ഉറക്കം നഷ്ടപ്പെട്ട് ഉന്നത കേന്ദ്രങ്ങൾ
കൊച്ചി: സ്വർണക്കടത്തിനും ലൈഫ് മിഷൻ കോഴയ്ക്കുമൊപ്പം സ്പേസ് പാർക്കിലെ സ്വപ്നയുടെ നിയമനത്തിലും ഇ ഡി അന്വേഷണം. ഇതുമായി ബന്ധപ്പെട്ട് സ്പേസ് പാർക്ക് സ്പെഷ്യൽ ഓഫീസറായിരുന്ന സന്തോഷ് കുറുപ്പിന്റെ മൊഴിയെടുത്തു പ്രൈസ് വാട്ടർ ഹൗസ് കൂപ്പേർസ് പ്രതിനിധികൾക്കും ഇ ഡി നോട്ടീസ് അയച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന ഐടി വകുപ്പിനെ കീഴിലുള്ളതാണ് സ്പേസ് പാർക്ക് പദ്ധതി. ഇവിടെ മാസം 1,12,000 രൂപ ശമ്പളത്തിലാണ് ഓപ്പറേഷൻസ് മാനേജരായി സ്വപ്നയെ നിയമിച്ചത്. സ്വർണക്കടത്ത് പുറത്ത് വന്നതോടെ സ്വപ്നയുടെ നിയമനം ചർച്ചയായെങ്കിലും അവർ കണ്സൾട്ടിംഗ് കമ്പനിയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന്റെ ജീവനക്കാരി മാത്രമെന്നായിരുന്നു സർക്കാരും പാർട്ടി കേന്ദ്രങ്ങളും പറഞ്ഞിരുന്നത്. എന്നാൽ ലൈഫ് മിഷൻ അന്വേഷണം സുപ്രധാന ഘട്ടത്തിലൂടെ കടന്നുപോകവെ കഴിഞ്ഞദിവസം ഇ ഡി ചില വാട്സാപ്പ് ചാറ്റുകൾ കോടതിയിൽ സമർപ്പിച്ചിരുന്നു. നിയമനം ശിവശങ്കർ നേരിട്ട് നടത്തിയതാണെന്നും മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും സ്വപ്ന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ നിയമനം മുഖ്യമന്ത്രിക്ക് അറിയാമെന്നും സ്വപ്ന വെളിപ്പെടുത്തിരുന്നു. സ്വപ്നയുടെ നിയമനത്തെക്കുറിച്ചുള്ള അന്വേഷണം പാർട്ടിയിലെയും സർക്കാരിലെയും കൂടുതൽ ഉന്നതരിലേക്ക് നീങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ സന്തോഷ് ഈപ്പൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ്. നേരത്തെ അറസ്റ്റിലായ എം. ശിവശങ്കറിന്റെ റിമാൻഡ് കാലാവധി ഏപ്രിൽ നാലു വരെ നീട്ടിയിട്ടുണ്ട്. ലൈഫ് മിഷൻ മുൻ സി.ഇ.ഒ യു.വി. ജോസിൽ നിന്ന് ഇ.ഡി വീണ്ടും മൊഴിയെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച രാത്രിയിലാണ് കരാറുകാരനായ യൂണിടെക് മാനേജിംഗ് ഡയറക്ടർ സന്തോഷ് ഈപ്പനെ ഇ.ഡി അറസ്റ്റു ചെയ്തത്. കോടതി കസ്റ്റഡിയിൽ വിട്ടതിനെ തുടർന്ന് ചോദ്യം ചെയ്യൽ ഇന്നലെയും തുടർന്നു. ഇന്നലെ വീണ്ടും വിളിച്ചുവരുത്തിയ യു.വി. ജോസിന്റെ സാന്നിദ്ധ്യത്തിൽ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തു.
സന്തോഷ് ഈപ്പനും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും ചോദ്യം ചെയ്യലിൽ നൽകിയ വിവരങ്ങളുടെ സ്ഥിരീകരണത്തിനാണ് യു.വി. ജോസിനെ വിളിച്ചുവരുത്തിയത്. മുമ്പ് രണ്ടുതവണ ജോസിൽ നിന്ന് വിവരങ്ങൾ തേടിയിരുന്നു. എം. ശിവശങ്കർ നേരിട്ടിടപെട്ടാണ് ചർച്ചകൾ നടത്തിയതും കരാറിൽ ഒപ്പിട്ടതുമെന്ന് ജോസ് മൊഴി നൽകിയിരുന്നു. ആർക്കെല്ലാമാണ് കോഴപ്പണം ലഭിച്ചതെന്നാണ് ഇ.ഡി അന്വേഷിക്കുന്നത്.
വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഫ്ളാറ്റുകൾ നിർമ്മിക്കാൻ ദുബായിയിലെ റെഡ് ക്രെസന്റ് നൽകിയ 20 കോടി രൂപയിൽ 4.5 കോടി കോഴയായി നൽകിയെന്ന കേസാണ് ഇ.ഡി അന്വേഷിക്കുന്നത്. കേസിൽ ഒന്നാം പ്രതിയായ സന്തോഷ് ഈപ്പൻ കോഴ നൽകിയതായി മൊഴി നൽകിയിരുന്നു. യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്കുൾപ്പെടെ കോഴപ്പണം ലഭിച്ചതായി സ്വപ്ന സുരേഷും മൊഴി നൽകിയിട്ടുണ്ട്.