അക്കാര്യം ഞാന്‍ മോദിയോട് അഭ്യര്‍ത്ഥിക്കും : ഷാഹിദ് അഫ്രീദി
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം പുനസ്ഥാപിക്കാൻ താൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിക്കുമെന്ന് മുൻ പാകിസ്താൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. നിലവിൽ ഇരു രാജ്യങ്ങളും തമ്മിൽ ഐസിസി, എ സി സി ടൂർണമെൻ്റുകളിൽ മാത്രമാണ് ഏറ്റുമുട്ടുന്നത്.
ഏഷ്യ കപ്പ് വേദിയെ സംബന്ധിച്ചുള്ള തർക്കത്തിലും ഇതുവരെയും ഇരു രാജ്യങ്ങളും തമ്മിൽ തീരുമാനമായിട്ടില്ല. ഇന്ത്യൻ ഗവൺമെൻ്റിൻ്റെ അനുവാദം ലഭിക്കാതെ യാതൊന്നും ചെയ്യുവാൻ ബിസിസിഐയ്ക്ക് സാധ്യമല്ല. അതിനിടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വീണ്ടും പുനസ്ഥാപിക്കണമെന്ന് അഫ്രീദി ആവശ്യപെട്ടിരിക്കുന്നത്.
ഇക്കാര്യത്തിൽ മുൻകൈ എടുക്കാൻ നരേന്ദ്ര മോദിയോട് താൻ അഭ്യർത്ഥിക്കുമെന്ന് വ്യക്തമാക്കിയ അഫ്രീദി സൗഹൃദത്തിന് തങ്ങൾ തയ്യാറാണെങ്കിലും ചർച്ച നടത്തുവാൻ ബിസിസിഐ തയ്യാറാകാത്തതിനെ കുറിച്ചും ചൂണ്ടിക്കാട്ടി.
ബിസിസിഐ ശക്തരായ ക്രിക്കറ്റ് ബോർഡാണെന്നും അതിൻ്റെ ഉത്തരവാദിത്വം ബിസിസിഐ കാണിക്കണമെന്നും ശത്രുക്കളെ ഉണ്ടാക്കാതെ സുഹൃത്തുക്കളെ ഉണ്ടാക്കാൻ ശ്രമിക്കണമെന്നും അങ്ങനെയെങ്കിൽ ബിസിസിഐ കൂടൂതൽ കരുത്തരാകുമെന്നും അഫ്രീദി പറഞ്ഞു.