പട്ടാപ്പകൽ പെൺകുട്ടികളുടെ പേരിൽ നഗരത്തിൽ സ്കൂൾകുട്ടികളുടെ ‘തല്ലുമാലയും ചുരുളിയും’, ആയുധങ്ങൾ സോഡാക്കുപ്പിയും ചുറ്റികയും ബ്ളേഡും
പത്തനംതിട്ട : കൗമാരത്തിന്റെ ചോരത്തിളപ്പിൽ പത്തനംതിട്ടയിലെ സ്കൂൾ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. നഗരത്തിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് മുന്നിലാണ് ഏറ്റുമുട്ടിയത്. സോഡാകുപ്പി കൊണ്ട് അടിയേറ്റ് 17കാരന്റെ തലപൊട്ടി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് നഗരത്തെ നടുക്കിയ സംഭവം. പതിനേഴ് വയസിൽ താഴെയുള്ളവരാണ് പോരടിച്ചവരിലധികവും. പ്രമാടം സ്വദേശിയായ പതിനേഴുകാരനാണ് തലയ്ക്ക് പരിക്കേറ്റത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ നേരത്തെയും നഗരത്തിൽ സംഘർഷമുണ്ടാക്കിയിട്ടുണ്ട്.
മയക്കുമരുന്നിന് അടിമയെന്ന് സംശയിക്കുന്ന ഇയാളെ പൊലീസ് നേരത്തേ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. സംഘർഷത്തിൽ പങ്കെടുത്ത നാലുപേരെ പത്തനംതിട്ട പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചു. വടശേരിക്കര, സീതത്തോട്, പ്രമാടം ഭാഗങ്ങളിലുള്ളവരാണ് ഇവർ. പാെലീസ് രക്ഷിതാക്കളെ വിളിച്ചുവരുത്തി. പെൺകുട്ടികളുമായുള്ള സൗഹൃദങ്ങളുടെ പേരിലുണ്ടായ തർക്കങ്ങളാണ് ഏറ്റുമുട്ടലിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്വകാര്യ ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടൽ പതിവാണ്. മുമ്പ് വൈകുന്നേരം സ്കൂൾ വിട്ടുവന്ന ശേഷമാണ് പോർ വിളിച്ച് അടി നടത്തിയിരുന്നത്. ഇതിന്റെ തുടർച്ചയായിട്ടാണ് ഇന്നലെ സംഘർഷം. പരീക്ഷാ ദിവസമായ ഇന്നലെ സ്കൂൾ വിട്ട് ഉച്ചയ്ക്ക് സ്റ്റാൻഡിലെത്തി സംഘർഷത്തിലേർപ്പെടുകയായിരുന്നു.
ചുറ്റികയും ബ്ളേഡും പിടിച്ചെടുത്തു
കസ്റ്റഡിയിലായ പരിക്കേറ്റ യുവാവിൽ നിന്ന് ചുറ്റികയും ബ്ളേഡും പൊലീസ് പിടിച്ചെടുത്തു. ഇയളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. എതിർ സംഘം സോഡാക്കുപ്പി കൊണ്ട് തലയ്ക്കടിച്ചതായി ഇയാൾ പറഞ്ഞു.
വെല്ലുവിളി ഇൻസ്റ്റഗ്രാമിൽ
ഇൻസ്റ്റഗ്രാമിൽ വെല്ലുവിളി നടത്തിയ ശേഷമാണ് ഇന്നലെ യുവാക്കൾ നഗരത്തിൽ ഏറ്റുമുട്ടിയതെന്ന് പൊലീസ് പറഞ്ഞു. നഗരത്തിൽ ‘കളം’ പിടിക്കുന്നതിന്റെ ഭാഗമായാണ് വെല്ലുവിളി നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ ഇവർ പൊലീസിനോട് പറഞ്ഞു. സ്വകാര്യ ബസ് സ്റ്റാൻഡാണ് ഇവരുടെ താവളം. പെൺകുട്ടികളുമായി എത്തി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണ് അധികവും. പെൺകുട്ടികളുടെ പേരിലാണ് മിക്കപ്പോഴും സംഘർഷമുണ്ടാകുന്നത്. ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ ഒന്നാംനിലയിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ അനാശാസ്യ പ്രവർത്തനങ്ങൾ പതിവാണെന്ന് വ്യാപാരികൾ പറയുന്നു.