ആയിരം പേരുടെ ദൗത്യം; 12 ദിവസം രാവും പകലും നീണ്ട ഫയര്‍ ഫൈറ്റിങ് | ബ്രഹ്മപുരം നേരനുഭവം
ബ്രഹ്മപുരത്തെ 12 ദിവസം നീണ്ടുനിന്ന പോരാട്ടത്തില്‍ അഗ്നിരക്ഷാസേനയ്ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്നുനിന്നു പ്രവര്‍ത്തിച്ച കേരളത്തിന്റെ സ്വന്തം സന്നദ്ധസേനയുണ്ട്- കേരള സിവില്‍ ഡിഫന്‍സ്. തീയോടും പുകയോടും മാത്രമല്ലായിരുന്നു ഇവരുടെ യുദ്ധം. വിഷവാതകങ്ങള്ക്കൊപ്പം അസഹ്യമായ ദുര്‍ഗന്ധവും മാലിന്യമലകളും അവയ്ക്കിടയിലെ ചതുപ്പുകളുമെല്ലാം പ്രതിബന്ധങ്ങളായിരുന്നു.
സാധാരണ ദുരന്തമുഖങ്ങളില്‍ കാണാറുള്ള സന്നദ്ധ സംഘടനകളെല്ലാം ബ്രഹ്മപുരത്തോട് അകലം പാലിച്ചപ്പോള്‍ തീയും പുകയും കെടുത്താന്‍ മുന്നില്‍ നിന്ന അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്ക് ഉറച്ച പിന്തുണയുമായി സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരെത്തി. ബ്രഹ്മപുരത്ത് തീ പടര്‍ന്നതിനു തൊട്ടടുത്ത ദിവസം, മാര്‍ച്ച് മൂന്നിനു തുടങ്ങിയ ദൗത്യം തിങ്കളാഴ്ച വൈകുന്നേരം പൂര്‍ണമാകുമ്പോഴും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറോളം സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ കര്‍മപഥത്തില്‍ ഉണ്ടായിരുന്നു.
ബ്രഹ്മപുരത്ത് 11 ദിവസം, പകലും രാത്രിയും വിവിധ ഷിഫ്റ്റുകളിലായി യാതൊരു ലാഭേച്ഛയും കൂടാതെ 12 ജില്ലകളില്‍നിന്നായി എഴുന്നൂറോളം സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരാണ് സേവനത്തിന് ഉണ്ടായിരുന്നത്. ഇതില്‍ മൂന്നിലൊന്നു വനിതകളായിരുന്നുവെന്നത് എടുത്തു പറയണം. തൊഴിലുറപ്പുകാര്‍ മുതൽ ഡോക്ടര്‍മാരടക്കമുള്ള മറ്റു പ്രഫഷണലുകളും ഈ സേനയുടെ ഭാഗമായി ബ്രഹ്മപുരത്ത് എത്തിയത് നാടിനോടുള്ള പ്രതിബദ്ധത ഒന്നുകൊണ്ടുമാത്രമായിരുന്നു. പകല്‍ ജോലിക്കു പോകുന്നവര്‍ അതു കഴിഞ്ഞിട്ട് വീട്ടിലേക്കു പോകാതെ നേരെ ഇവിടേയ്ക്കെത്തി. ഇവരടക്കം ആയിരത്തിലധികം പേരാണ് ഓരോ ദിവസവും പല ഷിഫ്റ്റുകളിലായി ബ്രഹ്മപുരത്ത് പുകഞ്ഞുകൊണ്ടിരുന്ന മാലിന്യക്കൂന കൈകാര്യം ചെയ്തത്.
പുറംലോകം പലതും പറഞ്ഞെങ്കിലും കൃത്യമായ മാസ്റ്റര്‍ പ്ലാനോടെയായിരുന്നു ബ്രഹ്മപുരത്ത് അധികൃതര്‍ മുന്നോട്ടു പോയത്. 110 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന പ്രദേശത്തെ വിവിധ സെക്ടറുകളായി തിരിച്ച് ഓരോ സെക്ടറുകളിലും ഫയര്‍ ഫൈറ്റേഴ്സ്, മണ്ണുമാന്തികള്‍, ആവശ്യത്തിനു വെള്ളം ലഭിക്കാനുള്ള പമ്പുകള്‍ അല്ലെങ്കില്‍ ഫയര്‍ ടെന്‍ഡറുകള്‍ എന്നിവ ഏര്‍പ്പെടുത്തി. പിന്തുണ നല്‍കുക എന്നതായിരുന്നു സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരുടെ പ്രധാന ജോലി. ഭക്ഷണവും കുടിവെള്ളവും എത്തിക്കല്‍, മണ്ണുമാന്തികള്‍ക്കും വെള്ളം പമ്പുചെയ്യുന്ന മോട്ടോറുകള്‍ക്കും വേണ്ട ഇന്ധനം, രാത്രികാലങ്ങളില്‍ വെളിച്ച സംവിധാനം ഒരുക്കല്‍, പ്രഥമശുശ്രൂഷാ സൗകര്യങ്ങള്‍ തുടങ്ങിവയ്ക്കെല്ലാം സിവില്‍ ഡിഫന്‍സ് സേനയുണ്ടായിരുന്നു.
വാഹനമെത്താത്ത മാലിന്യമലകള്ക്കിടയിലൂടെ തലച്ചുമടായാണ് ഇവയെല്ലാം എത്തിച്ചിരുന്നത്. പോകുന്ന വഴിയിലാകട്ടെ ജൈവ-അജൈവ മാലിന്യങ്ങള്‍ക്കൊപ്പം കുപ്പിച്ചില്ലുകളും കുഴികളും അസഹനീയമായ ദുര്‍ഗന്ധവും. മാലിന്യം കത്തുമ്പോഴുണ്ടാകുന്ന കനത്ത പുകയും ഗന്ധവും വേറെ. ആദ്യദിവസങ്ങളില്‍ പലപ്പോഴും ദൂരക്കാഴ്ച തന്നെയില്ലായിരുന്നു. രണ്ടും മൂന്നും നില കെട്ടിടത്തിന്റെ ഉയരത്തില്‍ നിറഞ്ഞിരുന്ന മാലിന്യമലകളെ ഇളക്കി മറിച്ച് വെള്ളം തളിക്കുക എന്നത് ശ്രമകരം തന്നെയായിരുന്നു. ശക്തിയേറിയ വാട്ടര്‍ ജെറ്റുകള്‍ ഉപയോഗിച്ച് തീകെടുത്തുന്ന പ്രവര്‍ത്തനങ്ങളിലും സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ അഗ്നിരക്ഷാ സേനയ്ക്കൊപ്പം നിന്നത് നേരത്തെ കിട്ടിയ ചിട്ടയായ പരിശീലനം കൊണ്ടുമാത്രമായിരുന്നു.
പല തട്ടുകളിലായി മാലിന്യം നിറച്ച്, ചിലപ്പോഴൊക്കെ ഇടയ്ക്ക് മണ്ണിന്റെ ഒരു തട്ടു നല്കി വീണ്ടും മുകളില്‍ മാലിന്യം കൊണ്ടിടുന്ന രീതിയാണ് ഇവിടെ. ഇത്തവണത്തെ പോലെ രൂക്ഷമല്ലെങ്കിലും പലപ്പോഴും ചെറുതും വലുതുമായ തീപിടിത്തം ബ്രഹ്മപുരത്ത് ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്കൊപ്പം സിവില്‍ ഡിഫന്‍സ് വോളന്റിയേഴ്സും തീയണയ്ക്കാന്‍ എത്താറുണ്ട്. മാലിന്യമലകള്ക്കിടയിലൂടെ എളുപ്പം എത്തിച്ചേരാവുന്ന വിധത്തില്‍ റോഡുകള്‍ അന്നുണ്ടായിരുന്നു. ഇന്നതെല്ലാം മാലിന്യം കൊണ്ട് മൂടിയിരിക്കുകയാണ്. അതോടൊപ്പം, തീയണയ്ക്കാനായി ലക്ഷക്കണക്കിനു ലിറ്റര്‍ വെള്ളം പമ്പു ചെയ്തതോടെ വഴികളെല്ലാം ചതുപ്പിനു തുല്യമായി. ഇതില്‍ താണുപോയ ഫയര്‍ ഫൈറ്റിങ് വാഹനങ്ങള്‍ പലതും മണ്ണുമാന്തിയുടെ സഹായത്തോടെയാണ് ഉയര്‍ത്തിയെടുത്തത്. അവസാന ദിവസങ്ങളില്‍ കരിങ്കല്‍ ചീളുകളും മെറ്റലും ഇറക്കി ഈ ഭാഗങ്ങള്‍ ശരിയാക്കിയാണ് യാര്‍ഡിന്റെ പല ഭാഗത്തേയ്ക്കും വാഹന സൗകര്യം ഉറപ്പാക്കിയത്.
ദൗത്യം ദിവസങ്ങള്‍ നീണ്ടതോടെ സമീപത്തുള്ള കടമ്പ്രയാറ്റില്‍ നിന്നുള്ള വെള്ളവും രൂക്ഷമായി മലിനപ്പെട്ടു. ഫയര്‍ ബ്രാഞ്ചുകളിലൂടെ ചീറ്റിത്തെറിക്കുന്ന വെള്ളം ദേഹത്തു വീണാല്‍ പോലും ദേഹത്തു ചൊറിച്ചിലുണ്ടാകുന്ന അവസ്ഥ വന്നു. ചെറിയ ചെറിയ ലീക്കേജുകളിലൂടെ ഫയര്‍ ഫൈറ്റേഴ്സിന്റെ ദേഹമാകെ കുളിപ്പിക്കുന്ന ഈ വെള്ളത്തിന്റെ ദുര്‍ഗന്ധം പോകാന്‍ ആദ്യം ഡെറ്റോള്‍ ഉപയോഗിച്ചും പിന്നീട് സോപ് ഉപയോഗിച്ചും രണ്ടു വട്ടമെങ്കിലും കുളിക്കണമെന്ന അവസ്ഥയായി.
മാലിന്യമലകളുമായി നേരിട്ട് ഇടപഴകിയ അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ക്കും ദേഹമാകെ ചൊറിഞ്ഞു തടിക്കല്‍, കണ്ണുകളില്‍ എരിച്ചില്‍, ഛര്‍ദി, വയറിളക്കം, ഓക്കാനം, മനംപിരട്ടല്‍, ക്ഷീണം, ശരീരവേദന എന്നിവയെല്ലാം ഉണ്ടായി. ഇതൊന്നും വകവയ്ക്കാതെയാണ് പലരും പ്രവര്‍ത്തനങ്ങളില്‍ മുഴകിയത്. ചിലര്‍ക്കെങ്കിലും ആശുപത്രിവാസവും വേണ്ടിവന്നു. എലിപ്പനി പ്രതിരോധ ഗുളികകളും ടി.ടി. ഇന്ജക്ഷനുമുള്പ്പെടെ സദാ സന്നദ്ധരായിരുന്ന മെഡിക്കല്‍ സംഘവും സ്ഥലത്തുണ്ടായിരുന്നതിനാല്‍ ഒട്ടുമിക്കവര്‍ക്കും ആ സേവനം പ്രയോജനപ്പെടുത്താനായി.
കേരളം കണ്ടതില്‍ ഏറ്റവുമധികം ദിവസം നീണ്ടുനിന്ന ഫയര്‍ ഫൈറ്റിങ്ങായിരുന്നു ബ്രഹ്മപുരത്തേത്. പുറത്ത് വാദങ്ങളും പ്രതിവാദങ്ങളും മുറുകുമ്പോഴും അതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്ന വിധത്തില്‍ അഹോരാത്രം തീയണയ്ക്കാനും കൊച്ചിയിലെ ജനങ്ങളുടെ ഭീതിയകറ്റാനും യത്നിക്കുകയായിരുന്നു അഗ്നിരക്ഷാ സേനയും കേരള സിവില്‍ ഡിഫന്‍സും. അവര്‍ക്ക് പിന്തുണയേകി സര്‍ക്കാര്‍ സംവിധാനങ്ങളും ഒപ്പം നിന്നതോടെ ദൗത്യം വിജയം കണ്ടു.
കേരളത്തിലും ഇന്ത്യയിലും മാത്രമല്ല, ലോകത്താകമാനം പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവാവിഭാഗമാണ് സിവില്‍ ഡിഫന്‍സ്. മനുഷ്യനിര്‍മിതമോ അല്ലാത്തതോ ആയ ദുരന്തമുഖങ്ങളില്‍ പേരു സൂചിപ്പിക്കും പോലെ, പരിശീലനം നേടിയ പൊതുജനങ്ങളാല്‍ ആശ്വാസമെത്തിക്കുന്ന സംവിധാനം. 2018-ലെ മഹാപ്രളയത്തിനു ശേഷമാണ് കേരളത്തില്‍ സിവില്‍ ഡിഫന്‍സ് പിറവി കൊള്ളുന്നത്. കേരളത്തിലെ ഓരോ അഗ്നിരക്ഷാനിലയവും കേന്ദ്രീകരിച്ച് പരിശീലനം നേടിയ സേവനസന്നദ്ധരായ അമ്പതിൽ കുറയാത്ത വോളന്റിയര്‍മാരെ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. ഫയര്‍ ആന്‍ഡ് റസ്ക്യു സര്‍വീസസിന്റെ കീഴില്‍ പ്രഥമ ശുശ്രൂഷയിലും തീപിടിത്തം ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും ഇവര്‍ക്ക് പ്രായോഗിക പരിശീലനം നല്കി. കോവിഡ് കാരണം 2021 ഫെബ്രുവരിയിലായിരുന്നു സംസ്ഥാനതലത്തില്‍ പരിശീലനം നേടിയ ആദ്യബാച്ചിന്റെ പാസിങ് ഔട്ട്.
തുടര്‍ന്നിങ്ങോട്ട് കോവിഡ് കാലത്തും പ്രളയങ്ങളിലും പെട്ടിമുടിയും കൊക്കയാര്‍- കൂട്ടിക്കല്‍ ദുരന്തമുഖങ്ങളിലെല്ലാം അഗ്നിരക്ഷാ സേനയ്ക്കൊപ്പം സിവില്‍ ഡിഫന്‍സും ഉണ്ടായിരുന്നു. കേരളത്തിലെ ഏകദേശം നാലായിരത്തോളം അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്കൊപ്പം എണ്ണത്തില്‍ അവരേക്കാള്‍ കൂടുതലുള്ള ആറായിരത്തോളം സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ ഇന്നു സേവനസന്നദ്ധരായുണ്ട്. സംസ്ഥാനത്തെ 124 അഗ്നിരക്ഷാ നിലയങ്ങള്‍ കേന്ദ്രീകരിച്ചും കുറഞ്ഞത് 50 പേരെങ്കിലുമുള്ള സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരുടെ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റേഷന് പരിധിയില്‍ പല ഭാഗങ്ങളിലുള്ളവരാകാം ഇവര്‍. ആ പ്രദേശത്ത് തീപ്പിടിത്തമോ വാഹനാപകടമോ മറ്റേതെങ്കിലും ദുരന്തമോ ഉണ്ടായാല്‍ ഒരുപക്ഷേ ആദ്യമറിയുകയും സ്ഥലത്ത് എത്തുകയും ചെയ്യുന്നത് ഇവരാകും.
കൃത്യമായ പരിശീലനം ലഭിച്ചിരിക്കുന്നതിനാല്‍ പ്രാഥമിക കാര്യങ്ങള്‍ക്കൊപ്പം ദുരന്തവ്യാപ്തി വര്‍ധിക്കാതിരിക്കുവാന്‍ പൊതുജനങ്ങളെ കൂട്ടി മുന്‍കരുതലുകള്‍ സ്വീകരിക്കുവാനും സിവില്‍ ഡിഫന്‍സ് വോളന്റിയര്ക്കു സാധിക്കും. ഇതോടൊപ്പം, ഏറ്റവും അടുത്തുള്ള അഗ്നിരക്ഷാനിലയത്തില്‍ വിവരങ്ങള്‍ കൃത്യമായി അറിയിച്ച് സേനാംഗങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങളോടെ എത്രയും പെട്ടെന്ന് സ്ഥലത്ത് എത്തിച്ചേരാന്‍ വേണ്ടതു ചെയ്യുവാനും സിവില്‍ ഡിഫന്‍സ് വോളന്റിയര്ക്കു പ്രാപ്തിയുണ്ട്.
യാത്രയ്ക്കിടയില്‍ റോഡില്‍ കാണുന്ന ഒരപകടരംഗത്ത്, വലിയൊരു ആള്‍ക്കൂട്ടത്തിനു നടുവില്‍ പെട്ടെന്നൊരാള്‍ കുഴഞ്ഞു വീണാല്‍, അയല്പക്കത്തെ വീട്ടിലൊരു ഗ്യാസ് സിലണ്ടര്‍ ചോര്‍ന്നാല്‍, ഒരു കുഞ്ഞിന്റെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി ശ്വാസം കിട്ടാതെ വന്നാല്‍, നീന്തലറിയാത്തൊരാള് വെള്ളത്തില്‍ വീഴുന്നതു കണ്ടാല്‍… സിവില്‍ ഡിഫന്‍സ് വോളന്റിയര്‍ കര്‍മ്മനിരതനാകും.
സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രചരിക്കുന്ന ചിത്രങ്ങളും വാര്‍ത്തകളും കണ്ട് എന്താണ് സിവില്‍ ഡിഫന്‍സ് എന്നു ചോദിക്കുന്നവരുണ്ട്. അതുപോലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മനസിലാക്കി ഈ സേനയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവരുണ്ട്. എവിടെയാണ് അതിനു ബന്ധപ്പെടേണ്ടതെന്ന് അറിയേണ്ടവരുമുണ്ട്. സിവില്‍ ഡിഫന്‍സിനെക്കുറിച്ച് കൂടുതല്‍ അറിയാനും കേരള സിവില്‍ ഡിഫന്‍സില്‍ അംഗമാകാനും www.cds.fire.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.