മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായ ഒരാൾക്ക് പ്രതിപക്ഷത്തെ അധിക്ഷേപിക്കാൻ എന്തവകാശം; മരുമകൻ സ്പീക്കർക്കൊപ്പം എത്താത്തതിന്റെ ആധിയാണ് മുഖ്യമന്ത്രിയ്ക്കെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന് ആക്ഷേപിക്കാൻ മന്ത്രി മുഹമ്മദ് റിയാസിന് എന്ത് അധികാരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായ ഒരാൾക്ക് പ്രതിപക്ഷത്തെ അധിക്ഷേപിക്കാൻ അവകാശമില്ലെന്നും മനപ്പൂർവം പ്രകോപിപ്പിക്കാനുള്ള ശ്രമമാണ് റിയാസ് നടത്തുന്നതെന്നും സതീശൻ വിമർശിച്ചു.
നിയമസഭയിലേത് സ്പീക്കറെ പരിഹാസ്യനാക്കാനുള്ള കുടുംബ അജണ്ടയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എത്ര പി ആർ വർക്ക് ചെയ്തിട്ടും മരുമകൻ സ്പീക്കർക്കൊപ്പമെത്തുന്നില്ല. ഈ ആധികൊണ്ടാണ് എ എൻ ഷംസീറിനെ പരിഹാസ്യനാക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പോത്തൻകോട് ചെങ്കോട്ടുകോണത്ത് 16കാരിയെ നടുറോഡിൽ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചിരുന്നു. നോട്ടീസിന് അടിയന്തര സ്വഭാവം ഇല്ലാത്തതിനാൽ ആദ്യ സബ്മിഷനായി ഉമാ തോമസിന് വിഷയം ഉന്നയിക്കാമെന്ന് സ്പീക്കർ പറഞ്ഞിരുന്നു. ഇതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.സെക്രട്ടേറിയറ്റിന്റെ മൂക്കിന് താഴെ സ്ത്രീകൾക്ക് നേരെ അതിക്രമം നടക്കുകയാണെന്നും ഇത് ചർച്ച ചെയ്തില്ലെങ്കിൽ എന്തിനാണ് നിയമസഭയെന്ന് വി ഡി സതീശൻ ചോദിച്ചു. ഇതോടെ ഭരണ – പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടയിലാണ് നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേൾക്കരുതെന്ന് റിയാസ് പറഞ്ഞത്.