കൊച്ചിയിലെ ചെമ്മീനും മറ്റു മത്സ്യങ്ങളും ഉപയോഗിക്കാൻ കഴിയില്ല, ബ്രഹ്മപുരത്തിന്റെ മറ്റൊരു ഭീകരമുഖം
കൊച്ചി: ബ്രഹ്മപുരത്ത് കത്തിയ പ്ളാസ്റ്റിക് മാലിന്യത്തിൽ നിന്നുള്ള വിഷജലം കടമ്പ്രയാറിലൂടെ ഒഴുകിയെത്തുന്നത് വേമ്പനാട് കായലിലെയും കൊച്ചി തീരക്കടലിലെയും ആവാസ വ്യവസ്ഥയ്ക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയായി. 25 ഫയർ എൻജിനുകളും കടമ്പ്രയാറിൽ നിന്നുള്ള ഉയർന്ന ശേഷിയുള്ള നിരവധി പമ്പുകളും ഉപയോഗിച്ച് 12 ദിവസം രാപ്പകൽ മാലിന്യമലയിൽ ഒഴിച്ച വെള്ളം ഒഴുകി കടമ്പ്രയാറിൽ തന്നെ തിരിച്ചെത്തുന്നുണ്ട്.പ്ളാസ്റ്റിക് മാലിന്യം കത്തി രൂപംകൊണ്ട വിഷവാതകങ്ങളുടെയും മറ്റ് മാരകമായ രാസവസ്തുക്കളുടെയും അവശിഷ്ടങ്ങൾ ഇവിടെയുള്ള ചാരത്തിലുണ്ട്. ഇത് ജലത്തിലൂടെയാണ് നദിയിലേക്കെത്തുന്നത്. കാൻസറിനും ജനിതക വൈകല്യങ്ങൾക്കും കാരണമാകുന്ന ഡയോക്സിൻ സംബന്ധിച്ചാണ് ആശങ്കകൾ ഏറെയും. ഡയോക്സിൻ സാന്നിദ്ധ്യം പഠിക്കാൻ തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (എൻ.ഐ.ഐ.എസ്.ടി) സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് കിട്ടിയാലേ വ്യക്തമായ ധാരണ ലഭിക്കൂ.കടമ്പ്രയാറിൽ നിന്ന് ചിത്രപ്പുഴ, കണിയാമ്പുഴയിലൂടെയാണ് ജലം വേമ്പനാട് കായലിലേക്കെത്തുക. പശ്ചിമകൊച്ചിയിലെ പൊക്കാളി നെൽപാടങ്ങളിലേക്കും ചെമ്മീൻ കെട്ടുകളിലേക്കും ഈ ജലം എത്തും. ഡയോക്സിൻ പോലുള്ള വിഷപദാർത്ഥങ്ങൾ ദീർഘനാൾ മത്സ്യങ്ങളിലും മറ്റ് ജലജീവികളിലും അവശേഷിക്കും. കായലിലെയും തീരക്കടലിലെയും ആവാസ വ്യവസ്ഥയെയും ബാധിക്കും. ഡയോക്സിൻ പോലുള്ള വിഷവസ്തുക്കൾ ഭക്ഷ്യശൃംഖലയിലേക്ക് എത്തുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും. സമഗ്രവും സൂക്ഷ്മവുമായ പഠനം വേണ്ട കാര്യമാണിത്. നിലവിൽ വേമ്പനാട് കായലിലെ മലിനീകരണം അപകടകരമാം വിധം കൂടുതലാണ്. കായലിന്റെ ഉൾപ്രദേശങ്ങളിലേക്ക് ബ്രഹ്മപുരത്തെ രാസമാലിന്യം വ്യാപിക്കുമോ എന്നും പഠിക്കേണ്ടിവരും.സാന്നിദ്ധ്യം ഉറപ്പായാൽ കുറഞ്ഞത് വർഷത്തേക്കെങ്കിലും ഇവിടെയുള്ള മത്സ്യസമ്പത്ത് മനുഷ്യ ഉപയോഗത്തിന് യോഗ്യമല്ലാത്ത സ്ഥിതി വരുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.ഡയോക്സിൻ ഭീഷണിയുണ്ടോ എന്ന് ഉറപ്പാക്കേണ്ടതുണ്ട്. വായുവിലേതിനെക്കാൾ അപകടകാരിയാണ് ജലത്തിലെ ഡയോക്സിൻ. ഇത് നിർവീര്യമാകാൻ കൂടുതൽ കാലമെടുക്കും. മത്സ്യങ്ങളിലേക്ക് എത്തുന്നത് ഗുരുതര സ്ഥിതിവിശേഷമാണ്. എയർ ക്വാളിറ്റി പോലെ ജലത്തിന്റെ മലിനീകരണം പരിശോധിക്കപ്പെടുന്നുമില്ല.- ഡോ. അനു ഗോപിനാഥ്, അസി. പ്രൊഫസർ, കെമിക്കൽ ഓഷ്യനോഗ്രാഫി, കുഫോസ്, കൊച്ചികടമ്പ്രയാർപെരുമ്പാവൂരിലെ അറക്കപ്പടിയിൽ നിന്ന് ഉത്ഭവിക്കുന്നതാണ് കടമ്പ്രയാർ. 27 കി.മീ ഒഴുകിയാണ് ചിത്രപ്പുഴയിൽ പതിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് കിഴക്കമ്പലം, പുത്തൻകുരിശ്, എടത്തല, തൃക്കാക്കര, തൃപ്പൂണിത്തുറ പ്രദേശങ്ങളിൽ കുടിവെള്ളത്തിന് ആശ്രയിച്ചിരുന്നു. കിൻഫ്ര, സ്മാർട്ട് സിറ്റി, സ്പെഷ്യൽ ഇക്കണോമിക് സോൺ തുടങ്ങിയ വ്യവസായ പ്രദേശങ്ങൾ വെള്ളത്തിന് ആശ്രയിക്കുന്നത് കടമ്പ്രയാറിനെയാണ്. ബ്രഹ്മപുരം മാലിന്യപ്ളാന്റ് വന്ന ശേഷം തീർത്തും മോശമായ അവസ്ഥയിലാണ്. കിൻഫ്ര പെരിയാറിൽ നിന്ന് നേരിട്ട് പൈപ്പിട്ട് വെള്ളം എത്തിക്കാനുള്ള ജോലികൾക്ക് തുടക്കം കുറിച്ചു. നീളം : 27 കിലോമീറ്റർ വൃഷ്ടിപ്രദേശം : 115 ചതുരശ്ര കി.മീ. വന്നു ചേരുന്ന തോടുകൾ : 8 എണ്ണം തുടക്കം: പെരുമ്പാവൂർ അറക്കപ്പടിയിൽ അവസാനം : തൃപ്പൂണിത്തുറ ചിത്രപ്പുഴ