.
കാസർകോട് ∙ ദേശീയപാത നിർമാണ പ്രവൃത്തികൾക്കായി എത്തിച്ച സ്റ്റീൽ കമ്പിയുടെ അളവിൽ കൃത്രിമം കാട്ടി 54.90 ലക്ഷം രൂപയുടെ നഷ്ടം വരുത്തിച്ച സംഭവത്തിൽ 3 ലോറികളിലെ തൊഴിലാളികൾക്കെതിരെ പൊലീസ് കേസെടുത്തു. തലപ്പാടി മുതൽ ചെർക്കളവരെയുള്ള ദേശീയപാത വികസന പ്രവൃത്തികൾക്കായി കുമ്പള നായിക്കാപ്പിലെ കാസ്റ്റിങ് യാർഡിൽ എത്തിച്ച കമ്പിയുടെ അളവ് തൂക്കത്തിലാണു കൃത്രിമം കാട്ടിയത്.
നിർമാണ പ്രവൃത്തികൾക്കായി എത്തിക്കുന്ന സാധനസാമഗ്രികൾ വേ ബ്രിഡ്ജിൽ ജെകെ ട്രാൻസ്ലൈൻ എന്ന കമ്പനിയുടെ 3 ട്രെയിലറുകളിലെ തൊഴിലാളികൾ ലോറികളിലായി എത്തിച്ച സ്റ്റീൽ കമ്പികളിൽ തൂക്കം കൂട്ടി കാണിച്ചാണു കൃത്രിമം കാട്ടി എന്ന യുഎൽസിസിഎസ് കമ്പനിയിലെ സീനിയർ പ്രൊജക്ട് മാനേജർ വടകര മടപ്പള്ളി കോളജിനടുത്തെ എം.നാരായണന്റെ പരാതിയിലാണു കുമ്പള പൊലീസ് കേസെടുത്തത്.
അളവ് തൂക്കയന്ത്രത്തിൽ കൃത്രിമം കാട്ടുന്നതിനായി മാർച്ച് 2ന് രാത്രി 12 മണിയോടെ അതിക്രമിച്ചു കയറി വേ ബ്രിഡ്ജിന്റെ സൈഡിൽ കൂടി പോകുന്ന കേബിളുകളിൽ ഒരെണ്ണം മുറിച്ചു മാറ്റുകയും അതിൽ ഒരു സർക്യൂട്ടും ചിപ്പും ഘടിപ്പിച്ച് വേ ബ്രിഡ്ജ് മെഷനിൽ കൃത്രിമം കാണിച്ചുവെന്നും പരാതിയിലുണ്ട്.
7 ടൺ സ്റ്റീലിന്റെ കുറവു ഉണ്ടാവുകയും വേ ബ്രിഡ്ജ് ശരിയായി പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാലും പ്രോജക്ടിന്റെ ആവശ്യത്തിനായുള്ള സ്റ്റീൽ യഥാസമയം എത്തിക്കാൻ കഴിയാതെ വന്നതിനാലും റെയിൽവേ യാർഡിൽ ഇപ്പോഴും സ്റ്റോക്ക് ചെയ്തിരിക്കുന്ന 23 വാഗൺ സ്റ്റീലിന്റെ ഡെമറേജ് ചാർജും മറ്റുമായി യുഎൽസിസിഎസിനു 50 ലക്ഷം രൂപ ഉൾപ്പെടെ 54,90 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്ന പരാതിയിലാണു കേസെടുത്തത്.