കോഴിക്കോട് ഐ ഐ എമ്മിന്റെ നേതൃത്വത്തിൽ നടത്തുന്ന കോഴ്സിൽ താലിബാൻ നേതാക്കൾക്ക് ക്ഷണം
ന്യൂഡൽഹി: ഇന്ത്യ നടത്തുന്ന പ്രത്യേക ഓൺലൈൻ കോഴ്സിൽ പങ്കെടുക്കാൻ താലിബാനും. ‘ഇന്ത്യൻ വീക്ഷണങ്ങളിൽ മുഴുകുക’ എന്ന വിഷയത്തിൽ നാല് ദിവസത്തെ കോഴ്സിന് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചുകൊണ്ടാണ് താലിബാൻ സംഘം എത്തുക. ഇന്നുമുതൽ ആരംഭിക്കുന്ന കോഴ്സിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്നും പ്രതിനിധികൾ എത്തും.കോഴിക്കോട് ഐഐഎമ്മുമായി ചേർന്നാണ് വിദേശകാര്യമന്ത്രാലയം കോഴ്സ് സംഘടിപ്പിക്കുന്നത്. ഇന്ത്യൻ ടെക്നിക്കൽ ആന്റ് എക്കോണമിക് കോർപ്പറേഷൻ പ്രോഗ്രാമുമായി സഹകരിക്കുന്ന രാജ്യങ്ങൾക്കാണ് ക്ഷണമുള്ളത്. നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ പ്രത്യേകത. ഇത് മറ്റു രാജ്യക്കാർക്ക് സങ്കീർണത പകരുന്ന ഘടകവുമാണ്. ആ സങ്കീർണത മാറ്റിയെടുക്കാനുള്ള ശ്രമമാണ് കോഴ്സിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.ഇന്ത്യയുടെ സാമ്പത്തിക ചുറ്റുപാട്, സാംസ്കാരിക പൈതൃകം,സാമൂഹിക പശ്ചാത്തലം എന്നിവയെക്കുറിച്ച് ആഴത്തിൽ അറിയാനുള്ള അവസരമാണ് പങ്കെടുക്കുന്ന രാജ്യങ്ങൾക്ക് ലഭിക്കുക.താലിബാനെ ഒറ്റപ്പെടുത്തുന്നതിന് പകരം ആവശ്യമായ ഉപദേശങ്ങളും ശിക്ഷണവും നൽകി പ്രബുദ്ധരാക്കുക എന്ന ലക്ഷ്യത്തോടെയാണ് അവരെ ഓൺലൈൻ കോഴ്സിലേക്ക് ക്ഷണിച്ചതെന്ന് സംഘാടകർ പറയുന്നു.