വളാഞ്ചേരിയില്‍ നിന്ന് കാല്‍നടയായി മക്കയിലേക്ക്; ഇറാനും കടന്ന് ശിഹാബ് ചോറ്റൂർ ഇറാഖിലെത്തി
മലപ്പുറം: കാൽനടയായി ഹജ്ജ് യാത്ര തുടങ്ങിയ കഞ്ഞിപുര സ്വദേശി ശിഹാബ് ചോറ്റൂർ ഇറാനും കടന്ന് ഇറാഖിലെത്തി. ഇറാഖ് കഴിഞ്ഞ് കുവൈത്തും കൂടി കടന്നാൽ സൗദിയിലേക്ക് കടക്കാൻ കഴിയും. ഇതോടെ കാൽ നടയാത്ര നടത്തി ഹജ്ജ് ചെയ്യുകയെന്ന സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷയിലാണ് ഈ യുവാവുള്ളത്.
ഇറാഖിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ കർബല, നജഫ് അടക്കം വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയാകും ശിഹാബ് കുവൈത്തിലേക്ക് പോവുക. 2022 ജൂൺ രണ്ടിനാണ് കാൽ നടയായി ശിഹാബ് ചോറ്റൂർ ഹജ്ജ് യാത്ര തുടങ്ങിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് സെപ്റ്റംബറിൽ ഇന്ത്യൻ അതിർത്തിയിലെത്തിയ ശിഹാബിന്റെ യാത്ര പ്രതിസന്ധിയിലായിരുന്നു.
പാകിസ്ഥാനിലേക്ക് കടക്കാനുള്ള വിസയുമായി ബന്ധപ്പെട്ട പ്രശ്നമാണ് യാത്ര പ്രതിസന്ധിയിലാക്കിയത്. ട്രാന്‍സിറ്റ് വിസ ലഭിക്കാനായാണ് ശിഹാബിന് കാലതാമസം നേരിട്ടത്. വാഗ അർത്തിയിലെ ആഫിയ സ്കൂളിൽ നാല് മാസത്തോളം തങ്ങിയ ശേഷമാണ് പാകിസ്ഥാൻ ട്രാന്‍സിറ്റ് വിസ അനുവദിച്ചതും പാകിസ്ഥാനിലേക്ക് കടന്നതും. പാകിസ്ഥാനിലൂടെ തുടർന്ന യാത്ര പിന്നീട് ഇറാനിൽ എത്തി. രാജ്യ സുരക്ഷയുടെ പ്രശ്നം കാരണം വിമാനം വഴിയാണ് ഇറാനിലേക്ക് എത്തിയത്.
2023 – ലെ ഹജ്ജിന്റെ ഭാഗമാകാന്‍ 8640 കിലോമീറ്റര്‍ നടന്ന് മക്കയില്‍ എത്താനാണ് മലപ്പുറം വളാഞ്ചേരിയിൽ നിന്ന് ഷിഹാബ് യാത്ര ആരംഭിച്ചത്. വാഗാ അതിര്‍ത്തി വഴി പാകിസ്ഥാനില്‍ എത്തി അവിടെ നിന്നും ഇറാന്, ഇറാഖ്, കുവൈത്ത് വഴി സൗദി അറേബിയയില്‍ എത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.