രണ്ട് ഭാര്യമാരും വിദേശത്ത്, പ്ലസ് വൺ വിദ്യാർത്ഥിനിയെ കുട്ടവഞ്ചിയിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പിടിയിൽ
മുട്ടം: പ്ലസ്വൺ വിദ്യാർത്ഥിനിയെ കുട്ടവഞ്ചിയിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. മുട്ടം മാത്തപ്പാറ കോളനി താന്നിക്കാമറ്റത്തിൽ ഉദയലാൽ ഘോഷിനെയാണ് (39) മുട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് ഒളിവിൽ കഴിയുമ്പോഴാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ ജനുവരി 26നാണ് സംഭവം. ഇടുക്കി സ്വദേശിനിയായ പെൺകുട്ടിയും കുടുംബവമായി ഉദയലാലിന് മുൻപരിചയമുണ്ടായിരുന്നു. സമീപ ജില്ലയിലെ ട്രൈബൽ ഹോസ്റ്റലിൽ നിന്നാണ് പെൺകുട്ടി പഠിക്കുന്നത്. 26ന് പകൽ പെൺകുട്ടിയും ബന്ധുക്കളും മലങ്കര ജലാശയം സന്ദർശിക്കാനെത്തി.
രണ്ട് കുട്ടവഞ്ചികളിലായി പ്രതിയും പെൺകുട്ടിയും മറ്റ് രണ്ട് കുട്ടികളും ജലാശയത്തിന് സമീപത്തെ തുരുത്തിലേക്ക് പോയി. മറ്റ് രണ്ട് കുട്ടികളെയും ഇയാൾ തിരിച്ചയച്ചു. ശേഷമാണ് തുരുത്തിലെ കുറ്റിക്കാട്ടിൽ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ഭയന്ന പെൺകുട്ടി വിവരം ആരോടും പറഞ്ഞില്ല. അടുത്തദിവസം ഹോസ്റ്റലിലെത്തിയപ്പോൾ കുട്ടിയുടെ സ്വഭാവത്തിലെ വ്യതിയാനം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു.തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് പീഡനവിവരം പുറത്തറിയുന്നത്. ഇതോടെ സമീപ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. മുട്ടം മാത്തപ്പാറയിലെത്തിയ പൊലീസ് തന്നെ അന്വേഷിക്കുന്നത് മനസിലാക്കിയ പ്രതി ഒളിവിൽ പോയി. പിന്നീട് കേസ് സംഭവ സ്ഥലം ഉൾപ്പെടുന്ന മുട്ടം പൊലീസിന് കൈമാറി.പീഡനം നടന്ന സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ തുരുത്തിലെത്തി. പെൺകുട്ടിയെ തുരുത്തിലെത്തിച്ച പ്രതിയുടെ ഉടമസ്ഥതയിലുള്ള കുട്ടവഞ്ചി കസ്റ്റഡിയിലെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാൾക്ക് രണ്ട് ഭാര്യമാരുണ്ടെന്നും ഇരുവരും ജോലി ആവശ്യത്തിനായി വിദേശത്താണെന്നും പൊലീസ് പറഞ്ഞു. മുട്ടം സി.ഐ പ്രിൻസ് ജോസഫ്, എസ്.ഐ ഹാഷിം, സി.പി.ഒമാരായ രാംകുമാർ, പ്രദീപ്, പ്രതാപ്, ജോജി എന്നിവരടങ്ങിയ സംഘമാണ് എറണാകുളത്തെത്തി പ്രതിയെ പിടികൂടിയത്.