വിവാഹ നിശ്ചയത്തിന് പിന്നാലെ സോനുവിന്റെ സ്വഭാവത്തിൽ ഉണ്ടായത് വലിയ മാറ്റം, നിരന്തരം പണം ആവശ്യപ്പെട്ടു; യുവതിയുടെ ആത്മഹത്യയിൽ പരാതിയുമായി കുടുംബം
നെടുമങ്ങാട്: നിശ്ചയിച്ച വിവാഹത്തിൽ നിന്നു യുവാവ് പിന്മാറിയതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പരാതിയുമായി യുവതിയുടെ ബന്ധുക്കൾ. വരനും ബന്ധുക്കളും ആവശ്യപ്പെട്ട കൂടുതൽ പണം നൽകാതിരുന്നതോടെയാണിവർ വിവാഹത്തിൽ നിന്നും പിന്മാറിയതെന്നും അതാണ് മകളുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പരാതി. നെടുമങ്ങാട് വലിയമല സ്റ്റേഷൻ പരിധിയിലെ കുര്യാത്തി ശ്രീകൃഷ്ണ വിലാസത്തിൽ ശ്രീകുമാറിന്റെ മകളായ ആതിര ശ്രീകുമാറാണ്(25) കഴിഞ്ഞ ആറിന് ആത്മഹത്യ ചെയ്തത്.2022 നവമ്പർ 13ന് പനയമുട്ടം സ്വാതി ഭവനിൽ സോനുവുമായി യുവതിയുടെ വിവാഹ നിശ്ചയം നടത്തിയിരുന്നു. ഏപ്രിൽ 30ന് വിവാഹവും തീരുമാനിച്ചു. ഇതിനായി ക്ഷണകത്തും അച്ചടിച്ചു, വിവാഹവും വിളിച്ചു തുടങ്ങിയിരിക്കെയാണ് യുവതിയുടെ ആത്മഹത്യ. വട്ടിയൂർക്കാലെ സ്മാർട്ട് കൺസ്ട്രക്ഷനിൽ ജോലിയുണ്ടെന്ന് അവകാശപ്പെട്ടിരുന്ന സോനുവിന്റെ സ്വഭാവത്തിൽ വിവാഹ നിശ്ചയത്തിന് പിന്നാലെ മാറ്റം വന്നതായി ബന്ധുക്കൾ പറയുന്നു. വിവിധ ആവശ്യങ്ങൾ പറഞ്ഞു.സോനു യുവതിയുടെ വീട്ടിൽ നിന്നും പണം വാങ്ങാൻ തുടങ്ങി. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായിരുന്ന ആതിരയുടെ ശമ്പളവും ഗൾഫിൽ ജോലിയുള്ള സഹോദരന്റെയും കൈയ്യിൽ നിന്നും പതിവായും പണം വാങ്ങുമായിരുന്നു. ഇത് തുടർന്നതോടെ ആതിരയുടെ വീട്ടുകാർ വലഞ്ഞു. സോനുവിനെക്കുറിച്ച് ആതിരയുടെ ബന്ധുക്കൾ വിശദമായ അന്വേഷണം നടത്തി. ഒടുവിൽ കഴിഞ്ഞ അഞ്ചിന് ആവശ്യപ്പെട്ട പണം നൽകാത്തതിരുന്നതോടെ വിവാഹത്തിൽ നിന്നു പിന്മാറുന്നതായി സോനുവും പിതാവ് ബാബുവും ആതിരയുടെ രക്ഷിതാക്കളെ വിളിച്ചറിയിച്ചു. ഇയാൾ വിവാഹത്തിൽ നിന്ന് പിന്മാറിയതോടെ ആതിര മാനസികമായി തളർന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ജോലിയിൽ നിന്ന് അവധിയെടുത്ത് വീട്ടിൽ തന്നെ കഴിയവെയാണ് ആത്മഹത്യ ചെയ്യുന്നത്.അമ്മയുടെ സഹോദരിയുടെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ ആതിരയെ കാണുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കൾ ഡി.ജി.പിക്കും ഡി.വൈഎസ്.പിക്കും വലിയമല എസ്.എച്ച്.ഒക്കും പരാതി നൽകിയിട്ടുണ്ട്.