പത്താംക്ളാസുകാരിയെ പ്രണയം നടിച്ച് വശത്താക്കിയ അജ്മൽ കവർന്നത് നാല് ലക്ഷത്തോളം രൂപയും സ്വർണവും, പിടിയിലാവാൻ കാരണം പിതാവിന് തോന്നിയ സംശയം
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയംനടിച്ച് വശത്താക്കി നാല് ലക്ഷത്തോളം രൂപയും സ്വർണവും കൈക്കലാക്കിയ യുവാവ് പിടിയിൽ. കണ്ണൂർ നീർച്ചാൽ ജുമാ മസ്ജിദിന് സമീപം മുസ്തഫ മൻസിലിൽ മുഹമ്മദ് അജ്മലാണ് (25) പനങ്ങാട് പൊലീസിന്റെ പിടിയിലായത്. മത്സ്യവ്യാപാരിയായ പിതാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന പണം പെൺകുട്ടി ഇയാൾക്ക് നൽകുകയായിരുന്നു.പണത്തിൽ കുറവുകണ്ട് പിതാവ് പെൺകുട്ടിയോട് ചോദിച്ചപ്പോഴാണ് സംഭവം വെളിപ്പെട്ടത്. ഇൻസ്റ്റാഗ്രാം വഴി പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പരിചയപ്പെട്ട അജ്മൽ വിവാഹ വാഗ്ദാനം നൽകി. പിന്നീട് വിവാഹത്തിൽ നിന്ന് പിൻമാറുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും കൈക്കലാക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ പനങ്ങാട് എസ്.ഐ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അജ്മലിനെ കണ്ണൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.