ഡല്‍ഹിയില്‍ സഹോദരങ്ങളായ 2 ആണ്‍കുട്ടികള്‍ 3 ദിവസത്തിനിടെ തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ വസന്ത് കുഞ്ജില്‍ കഴിഞ്ഞ മൂന്നുദിവസത്തിനിടെ രണ്ട് ആണ്‍കുട്ടികള്‍ തെരുവുനായയുടെ ആക്രമണത്തില്‍ മരിച്ചു. ആനന്ദ്, ആദിത്യ എന്നിവരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. ഇവര്‍ സഹോദരങ്ങളാണ്.
വെള്ളിയാഴ്ചയാണ് ഏഴുവയസ്സുകാരനായ ആനന്ദ് തെരുവുനായ ആക്രമണത്തിനിരയായത്. സിന്ധി ക്യാമ്പിന് സമീപത്തുവെച്ചായിരുന്നു ആക്രമണം. രണ്ടുദിവസത്തിനു ശേഷം ഞായറാഴ്ചയാണ് ആനന്ദിന്റെ സഹോദരന് ആദിത്യ(5)യെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്. പ്രാഥമികകൃത്യം നിര്‍വഹിക്കാന്‍ കുടിലില്‍നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആദിത്യയെ നായ്ക്കള്‍ ആക്രമിച്ചതെന്ന് ബന്ധുക്കളിലൊരാള്‍ പറഞ്ഞു.
സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് സൗത്ത് ഡല്‍ഹി എം.പി. രമേശ് ബിധുരി പ്രതികരിച്ചു. ബി.ജെ.പി. ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് ഭരിച്ചിരുന്നപ്പോള്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരുവുനായ്ക്കളെ പിടിക്കുക എന്നത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്റെ ചുമതലയാണ്. എന്നാല്‍ എ.എ.പി. അത് ചെയ്യുന്നില്ലെന്നും രമേശ് വിമര്‍ശിച്ചു.