സോഷ്യൽ മീഡിയവഴി പരിചയപ്പെട്ട യുവതിയെ പലതവണ പീഡിപ്പിച്ചു, രണ്ട് ലക്ഷം രൂപയും കൈക്കലാക്കി; കൊല്ലം സ്വദേശിയുടെ “തനിനിറ”മറിഞ്ഞതോടെ “കാമുകി” പരാതി നൽകി
കൊല്ലം: സാമൂഹ്യമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. കല്ലുവാതുക്കൽ സജിത്ത് നിവാസിൽ സജിത്താണ് (24) പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്.
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയെയാണ് നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചത്.
വിവാഹിതനായ പ്രതി ഇക്കാര്യം മറച്ചുവച്ചാണ് സൗഹൃദം സ്ഥാപിച്ചത്. പിന്നീട് പ്രണയം നടിച്ച് നിരവധി തവണ പാരിപ്പള്ളി വവ്വാക്കുന്നിലുള്ള ഇയാളുടെ വാടക വീട്ടിലെത്തിച്ച് പീഡിപ്പിച്ചു. യുവതി വിവാഹ മോചിതയായി തനിച്ച് താമസിച്ചുവരുകയായിരുന്നു.
പല തവണകളായി 2,17,000 രൂപയും ഇയാൾ കൈക്കലാക്കിയതായി യുവതി ആരോപിക്കുന്നു. വിവാഹിതനാണെന്ന് മനസിലാക്കിയ യുവതി പണം തിരികെ ചോദിച്ചെങ്കിലും പ്രതി നൽകിയില്ല. യുവതി പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പാരിപ്പള്ളി പൊലീസ് ഇൻസ്പെക്ടർ അൽജാബറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.