മൂന്നാം ഭാര്യ തല്ലാന്‍ വന്നു, 19 വയസ് വ്യത്യാസം; വിവാദങ്ങള്‍ക്കൊടുവില്‍ നരേഷും പവിത്രയും വിവാഹിതരായി
വിവാദങ്ങള്‍ക്കൊടുവില്‍ തെലുങ്ക് നടന് നരേഷും നടി പവിത്ര ലോകേഷും വിവാഹിതരായി. വിവാഹ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചാണ് നരേഷ് ആരാധകരെ സന്തോഷവാര്‍ത്ത അറിയിച്ചത്. തങ്ങളുടെ പുതിയ ജീവിതയാത്രക്ക് എല്ലാവരുടേയും അനുഗ്രഹം വേണമെന്നും നരേഷ് കുറിച്ചു.
ആഡംബരപൂര്‍വം പരമ്പരാഗത രീതിയിലുള്ള ചടങ്ങുകളോടെയായിരുന്നു വിവാഹം. നേരത്തെ ഇരുവരും ഒരുമിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. 2023-ല്‍ വിവാഹിതരാകുമെന്നും ഈ വീഡിയോയില്‍ പറഞ്ഞിരുന്നു.
63-കാരനായ നരേഷിന്റെ നാലാം വിവാഹമാണിത്. 44കാരിയായ പവിത്രയുടെ രണ്ടാം വിവാഹവും. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒരുമിച്ച് ജീവിതം തുടങ്ങുന്നത്. ഇരുവരുടേയും ബന്ധത്തിന്റെ പേരിലും പ്രായവ്യത്യാസത്തിന്റെ പേരിലും ഏറെ വിവാദങ്ങളുണ്ടായിരുന്നു.
നരേഷിന്റെ മുന്‍ഭാര്യ രമ്യാ രഘുപതി ഇരുവരുവേയും ചെരിപ്പൂരി തല്ലാന്‍ വന്നത് വാര്‍ത്തയായിരുന്നു. മൈസൂരുവിലെ ഒരു ഹോട്ടലില്‍വെച്ചായിരുന്നു ഈ സംഭവം. പോലീസ് ഇടപെട്ട് രമ്യയെ പിന്തിരിപ്പിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. നരേഷിന്റെ മൂന്നാം ഭാര്യയാണ് രമ്യ.
പവിത്രയുടെ ആദ്യ ഭര്‍ത്താവ് സോഫ്റ്റ്വെയര് എഞ്ചിനീയറായിരുന്നു. ഈ ബന്ധം വേര്‍പിരിഞ്ഞതിന് ശേഷം നടന് സുചേന്ദ്ര പ്രസാദുമൊത്ത് ലിവിങ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു പവിത്ര. 2018-ല്‍ ഈ ബന്ധവും പിരിഞ്ഞു. പിന്നീടാണ് നരേഷുമായുള്ള പ്രണയം തുടങ്ങുന്നത്.
തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവിന്റെ സഹോദരനാണ് നരേഷ്. കന്നഡ നടന് മൈസൂര്‍ ലോകേഷിന്റെ മകളാണ് പവിത്ര. കന്നഡ നടന് ആദി ലോകേഷ് പവിത്രയുടെ സഹോദരനാണ്.