അപകടകരമായ ഉള്ളടക്കം, ആറ് യുട്യൂബ് ചാനലുകൾ വിലക്കി കേന്ദ്രം
ന്യൂഡൽഹി: ആറ് യുട്യൂബ് ചാനലുകൾക്ക് രാജ്യത്ത് വിലക്കേർപ്പെടുത്തി കേന്ദ്രം. ഖാലിസ്ഥാൻ അനുകൂല ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി. കേന്ദ്ര വാർത്താ-വിനിമയ മന്ത്രാലയം സെക്രട്ടറി അപൂർവ ചന്ദ്രയാണ് വിവരം പുറത്തുവിട്ടത്.കഴിഞ്ഞ പത്തുദിവസത്തിനിടെയാണ് ചാനലുകൾ ബ്ളോക്ക് ചെയ്തത്. പഞ്ചാബി ഭാഷയിലുള്ള ഈ ചാനലുകൾ വിദേശത്തുനിന്നാണ് പ്രവർത്തിക്കുന്നതെന്ന് അപൂർവ ചന്ദ്ര വ്യക്തമാക്കി. ഖാലിസ്ഥാൻ അനുഭാവിയും പ്രഭാഷകനുമായ അമൃത്പാൽ സിംഗിന്റെ അനുയായികൾ ഒരു പ്രവർത്തകനെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് അജ്നാലയിലെ പൊലീസ് സ്റ്റേഷൻ ആക്രമിച്ച പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നടപടി.ബ്ളോക്ക് ചെയ്ത ചാനലുകളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കേന്ദ്ര സർക്കാരിന്റെ ആവശ്യപ്രകാരം ചാനലുകൾക്കെതിരെ യുട്യൂബ് നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും വാർത്താ- വിനിമയ മന്ത്രാലയം അറിയിച്ചു. അപകടകരമായ ഉള്ളടക്കമുള്ള ചാനലുകൾക്കെതിരെ നടപടി സ്വീകരിക്കാനുള്ള സംവിധാനമുണ്ടാക്കണമെന്നും കേന്ദ്രം യുട്യൂബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.