‘ചോദ്യപേപ്പറില്‍ പച്ചമഷി ആകാത്തത് ഭാഗ്യം, അല്ലെങ്കില്‍ ഞാന്‍ രാജിവെക്കേണ്ടിവന്നേനെ’ – അബ്ദുറബ്ബ്
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പരീക്ഷകളാരംഭിച്ച വെള്ളിയാഴ്ച ചോദ്യക്കടലാസിന്റെ നിറം ചുവപ്പായതില്‍ പരിഹസിച്ച് മുന്‍ വിദ്യാഭ്യാസമന്ത്രിയും മുസ്ലിംലീഗ് നേതാവുമായ അബ്ദുറബ്ബ്. ചോദ്യപേപ്പര്‍ പച്ചമഷിയാവാത്തത് ഭാഗ്യം. ഇല്ലെങ്കില്‍ താന്‍ രാജിവയ്ക്കേണ്ടി വന്നേനെ എന്ന് അബ്ദുറബ്ബ് ഫെയ്സ്ബുക്കില്‍ കുറിച്ചു. പിങ്കുകലര്‍ന്ന ചുവപ്പുനിറമുള്ള ചോദ്യപേപ്പറാണ് പ്ലസ്വണ് വിദ്യാര്‍ഥികള്‍ക്ക് വെള്ളിയാഴ്ച നടന്ന പരീക്ഷയ്ക്കു നല്‍കിയിരുന്നത്.
‘പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ അച്ചടിച്ചിരിക്കുന്നത് ചുവപ്പു മഷിയില്‍… ഏതായാലും പച്ചമഷിയാവാത്തത് ഭാഗ്യം, ഇല്ലെങ്കില്‍ ഞാന്‍ രാജിവയ്ക്കേണ്ടി വന്നേനെ. അന്നൊക്കെ ചോദ്യപ്പേപ്പറില്‍ ചോദ്യങ്ങള്‍ അവസാനിക്കുന്ന ഭാഗത്ത് ഒരു ചന്ദ്രക്കല കണ്ടാല്‍ ചന്ദ്രഹാസമിളകുകയും അഞ്ചാറ് കെ.എസ്.ആര്.ടി.സി. ബസുകള്‍ എറിഞ്ഞു തകര്‍ക്കുകയും, മന്ത്രി പ്രസംഗിക്കുന്ന സ്റ്റേജില്‍വരെ കയറി ചാക്യാര്‍കൂത്ത് നടത്തുകയും ചെയ്തിരുന്ന എന്തെല്ലാം പാരമ്പര്യ കല’കളാണ് കേരളത്തിന് കൈമോശം വന്നിരിക്കുന്നത്’-അബ്ദുറബ്ബ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
അതേസമയം പ്ലസ്വണ്, പ്ലസ്ടു പരീക്ഷകള്‍ ഒന്നിച്ചുനടക്കുന്നതിനാല്‍ ചോദ്യക്കടലാസുകള്‍ പെട്ടെന്ന് തിരിച്ചറിയാനാണ് നിറംമാറ്റമെന്നാണ് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ വിശദീകരണം. ചോദ്യക്കടലാസുകളുടെ നിറംമാറ്റം മുന്‍കൂട്ടി അറിയിച്ചില്ലെന്നാണ് അധ്യാപക സംഘടനകളുടെ ആരോപണം. കറുപ്പക്ഷരങ്ങളിലായിരുന്നു പ്ലസ്ടു ചോദ്യപേപ്പര്‍.