ന്യൂഡൽഹി: പോളിങ് ബൂത്തിൽ ആംആദ്മി പാർട്ടി പ്രവർത്തകന്റെ ചെകിട്ടത്തടിക്കാനൊരുങ്ങി ഡൽഹി കോൺഗ്രസ് സ്ഥാനാർത്ഥിയും മുൻ ആംആദ്മി എംഎൽഎയുമായ അൽക ലാംബ.
മജ്നു ക തില പ്രദേശത്തെ പോളിങ് സ്റ്റേഷനു മുന്നിൽ വച്ചാണ് മകനെ കുറിച്ച് മോശം പരാമർശം നടത്തിയെന്നതിന് ആംആദ്മി പാർട്ടിപ്രവർത്തകനെ ലാംബ തല്ലാന്‍ ശ്രമിച്ചത്. സംഭവത്തിൽ ലാംബ പൊലീസ് അധികൃതർക്ക് പരാതി നൽകി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ വൈറലായി.
ചാന്ദ്നി ചൗക്ക് എംഎൽഎആയിരുന്ന അൽക ലാംബ അരവിന്ദ് കെജ്രിവാളുമായുള്ള ഭിന്നതയെ തുടർന്നാണ് ആംആദ്മി വിട്ടത്. തുടർന്ന് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി ചാന്ദിനി ചൗക്കിൽ നിന്നും മത്സരിക്കുകയാണ്. ആംആദ്മിയുടെ പ്രഹ്ലാദ് സിങ് സാഹ്നി, ബിജെപിയുടെ സുമൻ ഗുപ്ത എന്നിവരാണ് ലാംബയുടെ എതിരാളികൾ.