സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം ഒരു ലക്ഷം അടുത്തു; ഇൻഫ്ളുവൻസ ലക്ഷണമുള്ളവരുടെ സാമ്പിൾ പരിശോധന ഇന്ന് മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കൂടുന്നു. ഇക്കഴിഞ്ഞ പത്ത് ദിവസത്തിനിടെ എൺപതിനായരത്തിലധികം പേരാണ് സർക്കാർ ആശുപത്രികളിൽ പനിക്ക് ചികിത്സ തേടിയത്. എച്ച്3 എൻ2 വൈറസ് വ്യാപനമുണ്ടോയെന്ന് കണ്ടെത്താനായി സ്രവ പരിശോധന ഇന്ന് ആരംഭിക്കും. പനി, തൊണ്ടവേദന, ചുമ എന്നീ ഇൻഫ്ളുവൻസ ലക്ഷണമുള്ളവരുടെ സാമ്പിളുകൾ പരിശോധിക്കാൻ ഡോക്ടർമാർക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി.മാർച്ച് ഒന്നിനാണ് ഏറ്റവും കൂടുതൽ പേർ പനിക്ക് ചികിത്സ തേടിയത്. 9480 പേരാണ് ചികിത്സ തേടിയത്. മാർച്ച് രണ്ടിന് 8221പേർ, മാർച്ച് മൂന്ന് 8191പേർ, മാർച്ച് നാല് 8245പേർ, മാർച്ച് അഞ്ച് 3642പേർ എന്നിങ്ങനെയാണ് സർക്കാർ ആശുപത്രികൾ പനിക്ക് ചികിത്സ തേടിയവരുടെ എണ്ണം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 17, 532പേർ പനി കാരണം ആശുപത്രിയിലെത്തി. കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഇന്നലെ വരെ ചികിത്സ തേടിയവരുടെ എണ്ണം ദിവസേന എണ്ണായിരത്തിന് മുകളിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സ്വകാര്യ ആശുപത്രികളിൽ പനിബാധിച്ച് എത്തിയവരുടെ കണക്കുകൾ കൂടി കൂട്ടിയാൽ പത്ത് ദിവസത്തിനുള്ളിൽ ചികിത്സ തേടിയവരുടെ എണ്ണം ഒരു ലക്ഷം കവിയും.