ആർത്തവ രക്തം എടുക്കുന്നതിന് യുവതിയെ കെട്ടിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് പട്ടിണിക്കിട്ടു, രക്തം വിറ്റത് അരലക്ഷം രൂപയ്ക്ക്
മുംബയ്: വിവാഹിതയായ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും പട്ടിണിക്കിടുകയും ആർത്തവരക്തം ശേഖരിച്ച് അൻപതിനായിരം രൂപയ്ക്ക് വിൽക്കുകയും ചെയ്തു. മഹാരാഷ്ട്ര ബീഡിലെ സൗന്ദന ഗ്രാമത്തിലാണ് 27കാരിയായ യുവതി ക്രൂരപീഡനത്തിനിരയായത്. മന്ത്രവാദത്തിന് വേണ്ടിയാണ് യുവതിയുടെ ആർത്തവരക്തം വിറ്റത്. വനിത ദിനത്തിലാണ് സംഭവം പുറത്തുവന്നത്.സംഭവത്തിന് പിന്നാലെ യുവതിയുടെ വീട്ടുകാരുടെ പരാതിയിൽ ഭർത്താവ്, ഭർത്താവിന്റെ മാതാപിതാക്കൾ എന്നിവരുൾപ്പെടെ ഏഴുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ആർത്തവസമയത്ത് മൂന്നുദിവസം പട്ടിണിക്കിട്ടതായി യുവതിയുടെ പരാതിയിൽ പറയുന്നു. 2019ലായിരുന്നു യുവതിയുടെ വിവാഹം. പ്രണയവിവാഹമായിരുന്നിട്ടും അപ്പോൾമുതൽ ഭർത്താവും വീട്ടുകാരും പലകാരണങ്ങളാൽ യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി പരാതിയിൽ പറയുന്നു. ഭർത്തൃവീട്ടുകാർ കെട്ടിയിടുകയും പഞ്ഞിയുപയോഗിച്ച് ആർത്തവരക്തം ശേഖരിച്ച് മന്ത്രവാദപ്രവർത്തനം ചെയ്യുന്നവർക്ക് വിൽക്കുകയുമായിരുന്നെന്ന് പരാതിയിലുണ്ട്.സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. പ്രതികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ബി ജെ പി നേതാവും മന്ത്രിയുമായ ചന്ദ്രകാന്ത് പാട്ടീൽ ആവശ്യപ്പെട്ടു. പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ശിവസേനയുടെ മഹാരാഷ്ട്ര ഉപരിസഭാംഗം മനീഷാ കയാന്ദേ ലെജിസ്ലേറ്റീവ് കൗൺസിലിൽ വിഷയം ഉന്നയിച്ചു.