അമിതഅളവിൽ വിറ്റാമിൻ ഗുളിക കഴിച്ച വിദ്യാർഥിനി മരിച്ചു;സ്വയം വാങ്ങി കഴിക്കുന്നതും അധികമാവുന്നതും ദോഷം
കോയമ്പത്തൂർ: വിറ്റാമിൻ ഗുളിക മത്സരിച്ചുകഴിച്ച ആറുവിദ്യാർഥിനികളിൽ ഒരാൾ ചികിത്സ ഫലിക്കാതെ മരിച്ചു. ഊട്ടി കാന്തൽ നഗരസഭ മുസ്ലിം യു.പി. സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനി സൈബ ഫാത്തിമയാണ് (13) മരിച്ചത്. വിദഗ്ധചികിത്സയ്ക്കായി കോയമ്പത്തൂരിൽനിന്ന് ചെന്നൈയിലേക്ക് പോകുംവഴി സേലത്തുവെച്ചാണ് മരണം. ഇക്കഴിഞ്ഞ തിങ്കളാഴ്ച സ്കൂളിൽ അഞ്ച് സഹപാഠികളും സൈബയും ചേർന്ന് 20 മുതൽ 30 വിറ്റാമിൻ ഗുളികകൾവരെ കഴിച്ചിരുന്നു. വൈകീട്ട് അവശരായ കുട്ടികളിൽ രണ്ടുപേരെ ഊട്ടി സർക്കാർ മെഡിക്കൽ കോളേജിലേക്കും മറ്റുള്ള നാലുപേരെ കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്കും മാറ്റിയിരുന്നു.
ചികിത്സ തുടരുന്നതിനിടെ സൈബയുടെ ആരോഗ്യനില വഷളായി. തുടർന്ന്, വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പ്രത്യേക ആംബുലൻസിൽ കോയമ്പത്തൂരിൽനിന്ന് ചെന്നൈയിലെ രാജീവ്ഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. രാത്രി എട്ടുമണിയോടെ സേലത്ത് എത്തിയപ്പോൾ ശ്വാസം കിട്ടാത്തതിനെത്തുടർന്ന് സേലം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റൊരു കുട്ടിയും തീവ്രചികിത്സാവിഭാഗത്തിൽ തുടരുകയാണ്. മറ്റുള്ള കുട്ടികൾ ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ട്. ഇതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് അമീൻ, അധ്യാപിക കലൈവാണി എന്നിവരെ വിദ്യാഭ്യാസവകുപ്പ് സസ്പെൻഡുചെയ്തു