അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരൻ ബിഎസ്എഫ് പിടികൂടി; രണ്ട് ദിവസത്തിനുള്ളിൽ പിടിയിലായത് മൂന്നുപേർ
ന്യൂഡൽഹി: പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിക്ക് സമീപം നുഴഞ്ഞുകയറിയ പാകിസ്ഥാൻ പൗരനെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) പിടികൂടി. പാകിസ്ഥാനിലെ ഖൈബർ ജില്ലയിൽ താമസിക്കുന്ന ഇയാളെ പഞ്ചാബിലെ ഫിറോസ്പൂർ സെക്ടറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്
പാകിസ്ഥാനിലെ സിയാൽകോട്ട് സ്വദേശിയായ ആമിർ റാസയാണ് പിടിയിലായത്. രണ്ട് ദിവസത്തിനുള്ളിൽ മൂന്നാമത്തെ പാക് നുഴഞ്ഞുകയറ്റക്കാരനാണ് ബിഎസ്എഫിന്റെ പിടിയിലാകുന്നത്. കൂടുതൽ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. പഞ്ചാബിലെ അമൃത്സർ സെക്ടറിലെ രജതൽ ബോർഡർ ഔട്ട്പോസ്റ്റിൽ വിന്യസിച്ചിരിക്കുന്ന ബിഎസ്എഫിന്റെ 144 ബറ്റാലിയൻ ഉദ്യോഗസ്ഥരാണ് ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്ന നുഴഞ്ഞുകയറ്റക്കാരനെ പിടികൂടിയത്.
പഞ്ചാബിലെ ഗുർദാസ്പൂർ സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം മറ്റൊരു പാകിസ്ഥാൻ പൗരനെ ബിഎസ്എഫ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മാർച്ച് എട്ടിന് രാത്രിയിലും ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്ന മറ്റൊരാളെയും ബിഎസ്എഫ് തടഞ്ഞിരുന്നു. ഡ്യൂട്ടിയിലായിരുന്ന സൈനികർ നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ചതായും തുടർന്ന് അറസ്റ്റ് ചെയ്തതായും സേന അറിയിച്ചു. പ്രാഥമിക ചോദ്യം ചെയ്യലിൽ, നുഴഞ്ഞുകയറ്റക്കാരൻ ബംഗ്ലാദേശ് പൗരനാണെന്ന് വെളിപ്പെടുത്തിയതായി ബിഎസ്എഫ് പറഞ്ഞു. ഇയാളെയും ചോദ്യം ചെയ്യുകയും തുടർനടപടി സ്വീകരിക്കുകയും ചെയ്യും.