ട്രെയിന്‍ വരുന്നുവെന്ന സിഗ്നല്‍ അവഗണിച്ച് ഡ്രൈവറുടെ സാഹസം; ബസ് തകര്‍ന്ന് 6 മരണം
ലാഗോസ്: ബസിലേക്ക് ട്രെയിന്‍ ഇടിച്ച് കയറി ആറ് പേര് മരിച്ചു. നൈജീരിയയുടെ സാമ്പത്തിക തലസ്ഥാനമായ ലാഗോസില്‍ വ്യാഴാഴ്ചയുണ്ടായ അപകടത്തിലാണ് ആറ് പേര് കൊല്ലപ്പെട്ടത്. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ട്രെയിന്‍ എത്തുന്നുവെന്ന മുന്നറിയിപ്പ് സിഗ്നല്‍ ലഭിച്ചത് അവഗണിച്ച് റെയില്‍ പാളം മുറിച്ച് കടക്കാനുള്ള ബസ് ഡ്രൈവറുടെ ശ്രമമാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ നാല് വനിതകളും രണ്ട് പുരുഷന്മാരുമാണുള്ളത്.
74ഓളം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റിട്ടുള്ളതെന്നും അതില്‍ ചിലരുടെ നില ഗുരുതരമാണെന്നും ദേശീയ അത്യാഹിത വിഭാഗം ഉദ്യോഗസ്ഥനായ ഇബ്രാഹിം ഫരിന്‍ലോയി വിശദമാക്കി. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും ഇബ്രാഹിം കൂട്ടിച്ചേര്‍ത്തു. മണിക്കൂറുകളോളം ശ്രമിച്ച ശേഷമാണ് അപകടത്തില്‍ ട്രെയിനിലും ബസിലുമായി കുടുങ്ങിപ്പോയ ആളുകളെ പുറത്തെത്തിച്ചത്. ബസിന്റെ മുന്‍ ഭാഗം ട്രെയിനിലേക്ക് ഇടിച്ച് കയറി ഒടിഞ്ഞ നിലയിലാണ് ഉണ്ടായിരുന്നത്.ബസിന്റെ മധ്യ ഭാഗത്തായാണ് ട്രെയിന്‍ ഇടിച്ച് കയറിയത്. ഏറെ ദുരം ബസുമായി നിരങ്ങിയ ശേഷമാണ് ട്രെയിന്‍ നിന്നത്.
ഇജോക്കോയില്‍ നിന്ന് ഓഗണിലേക്കുമുള്ള ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന് കാരണമായത് ഡ്രൈവറുടെ അശ്രദ്ധയാണെന്ന് അധികൃതര്‍ വിശദമാക്കി. അപകട ശേഷം ട്രാക്കിലും പരിസരത്തുമായി ചിതറിക്കിടന്നിരുന്ന ട്രെയിന്റെയും ബസിന്റെയും ഭാഗങ്ങള്‍ ഏറെ നേരം പരിശ്രമിച്ച ശേഷമാണ് നീക്കാനായത്. തകര്‍ന്നു കിടക്കുന്ന റോഡുകളിലൂടെ അശ്രദ്ധമായി വാഹനം ഓടിക്കുന്നതും ഓവര്‍ സ്പീഡും നിമിത്തം നൈജീരിയയില്‍ സാധാരണമാണ്.