‘ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല, അനുഭാവമുള്ളത് ബിജെപിയോട്’; 30 കോടി വാഗ്ദാനത്തിൽ സ്വപ്ന തെളിവ് പുറത്തുവിടട്ടെയെന്ന് വിജേഷ് പിള്ള
കൊച്ചി: സ്വപ്ന സുരേഷ് ഉയർത്തിയ ആരോപണങ്ങളെല്ലാം നിഷേധിച്ച് വിജേഷ് പിള്ള. സ്വപ്നയുണ്ടാക്കിയ ഒരു തിരക്കഥയിൽ തന്നെ എത്തിക്കുകയായിരുന്നെന്ന് വിജേഷ് ആരോപിച്ചു. 30 കോടിയുടെ വാഗ്ദാനത്തെക്കുറിച്ച് സ്വപ്ന തെളിവ് പുറത്തുവിടട്ടെയെന്നും മാദ്ധ്യമങ്ങളോട് വിജേഷ് പിള്ള പ്രതികരിച്ചു.
ഫെബ്രുവരി 27നാണ് സ്വപ്ന സുരേഷിനെ വിളിച്ചത്. ബംഗളൂരുവിൽ വൈറ്റ്ഫീൽഡിൽ എല്ലാവരും കാണുന്ന ഹോട്ടലിലെ ലോബിയിലാണ് സ്വപ്നയുമായി കൂടിക്കാഴ്ച നടന്നത്. ഒപ്പം സരിത്തും കുട്ടികളുമുണ്ടായിരുന്നു.ബിസിനസ് കാര്യങ്ങളുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണ് അവിടെ പോയത്. തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും തന്നെ എന്തിന് ഈ വിഷയത്തിൽ ഉൾപ്പെടുത്തിയെന്നും വിജേഷ് ചോദിച്ചു.
തന്റെ നാടിന് അടുത്താണ് എം.വി ഗോവിന്ദന്റെ സ്ഥലം എന്നതിനാൽ അങ്ങനെ സ്വപ്നയെ പരിചയപ്പെടുക മാത്രമാണ് ചെയ്തത്. തനിക്ക് അദ്ദേഹത്തെ അറിയില്ല. രാഷ്ട്രീയ കാര്യങ്ങളിൽ താൽപര്യമില്ലെന്ന് സ്വപ്നയെ അറിയിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയുടെയും ലോക്കൽ നേതാക്കളുമായിപ്പോലും ബന്ധമില്ലെന്ന് വിജേഷ് പറഞ്ഞു. ക്ഷേത്രങ്ങളിലെ കാര്യങ്ങളിൽ താൽപര്യമുള്ളയാളായതിനാൽ ബിജെപിയോട് അനുഭാവമുണ്ടെന്നും വിജേഷ് അറിയിച്ചു.
വെബ് സീരീസ് വരുമാനത്തിന്റെ 30 ശതമാനം നൽകാമെന്നാണ് സ്വപ്നയോട് പറഞ്ഞത്. ഇതിന്റെ ഫണ്ടിംഗിനെക്കുറിച്ച് എങ്ങനെ
യെന്ന് തന്നോട് സ്വപ്ന ചോദിച്ചു. ഇതിന് ഒടിടി പ്ളാറ്റ്ഫോമിലെ അഡ്മിൻ പാനലിലേക്ക് അവസരം നൽകും. അതിലൂടെ സീരീസ് കണ്ടവരുടെ എണ്ണം അറിഞ്ഞ് അതിന്റെ 30 ശതമാനം വരുമാനം നൽകുമെന്നാണ് അറിയിച്ചത്. സ്വപ്നയുടെ ആരോപണങ്ങൾക്കെതിരെ സിറ്റി പൊലീസ് കമ്മീഷണർക്കും ഡിജിപിയ്ക്കും മാനനഷ്ടത്തിന് പരാതി നൽകിയെന്ന് വിജേഷ് പിള്ള പറഞ്ഞു.
മൂന്ന് മണിക്കൂറോളം ഇ.ഡി മൊഴിയെടുത്തതായും അതിനുശേഷവും ഓഫീസിൽ തുടർന്നെന്നും വിജേഷ് പറഞ്ഞു.