കോഴിക്കോട് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ സീരിയൽ നടിക്കും പങ്ക് ? പൊലീസ് നടിയുടെ മൊഴിയെടുത്തു
കോഴിക്കോട്: സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ഫ്ളാറ്റിൽ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. പ്രതികൾ മലപ്പുറം സ്വദേശികളാണെന്ന് യുവതിയുടെ പരാതിയിൽ സൂചിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മുന്നിയൂർ, തിരൂരങ്ങാടി സ്വദേശികളായ 50 വയസിനിടയിലുള്ളവരാണെന്ന് തിരിച്ചറിഞ്ഞത്. അന്വേഷണം നടക്കുന്നതറിഞ്ഞതിനാൽ പ്രതികൾ ഒളിവിലാണ്. ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. പൊലീസ് തിരയുന്ന പ്രതികളെ യുവതിയുമായി ബന്ധപ്പെടുത്തിയ വ്യക്തിയെയും പൊലീസ് തിരയുന്നുണ്ട്.
യുവതിയെ പ്രതികൾക്കു പരിചയപ്പെടുത്തിയ സിനിമ – സീരിയൽ നടിയുടെ ഒത്താശയോടെയെന്നാണ് സംശയം. ഈ നടിയിൽനിന്ന് പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. ലഹരിമരുന്ന് ചേർത്ത ജ്യൂസ് നൽകി രണ്ടുപേർ പീഡിപ്പിച്ചെന്നാണ് പരാതിക്കാരി നൽകിയ മൊഴി. കേസുമായി ബന്ധപ്പെട്ട് ഇവരെ കൂടുതൽ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ നാലിനാണ് കേസിനാസ്പദമായ സംഭവം. യുവതിയെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് സീരിയൽനടി നഗരത്തിലെ ഫ്ളാറ്റിലേക്ക് എത്തിക്കുകയായിരുന്നു. സിനിമാ പ്രവർത്തകരെന്നു പറഞ്ഞാണ് ഫ്ളാറ്റിലുണ്ടായിരുന്ന രണ്ടു പേർ യുവതിയെ പരിചയപ്പെട്ടത്. അവിടെവച്ച് ബലം പ്രയോഗിച്ച് ലഹരി കലർത്തിയ ജൂസ് നൽകി. തുടർന്ന് പീഡനത്തിനിരയാക്കുകയായിരുന്നു. അതുവരെ ഒപ്പമുണ്ടായിരുന്ന നടിയെ പിന്നീട് കാണാതായെന്നും പരാതിയിലുണ്ട്
നടക്കാവ് പൊലീസാണ് കേസെടുത്തത്. തുടരന്വേഷണം ടൗൺ എ.സി.പി പി. ബിജുരാജിന്റെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്. പ്രതികളെ കണ്ടെത്തിയിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചെന്നും എ.സി.പി പി. പി. ബിജുരാജ് പറഞ്ഞു.