കുടിവെള്ളത്തിനായി നെട്ടോട്ടമോടി മഞ്ചേശ്വരം നിവാസികൾ
മഞ്ചേശ്വരം: വേനല്‍ കനത്തതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് മഞ്ചേശ്വരത്തെ ജനങ്ങള്‍. മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല എന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്.
വേനലിന്റെ ആരംഭത്തില്‍ തന്നെ മഞ്ചേശ്വരത്തെ കിണറുകളും കുളങ്ങളും തോടുകളും എല്ലാം വറ്റി തുടങ്ങിയിരിക്കുന്നു. മഞ്ചേശ്വരം പഞ്ചായത്തിലെ ആറാം വാര്‍ഡിലെ ഉദ്യാവാര ഗുത്തു, ഗുഡ്ഡ സ്കൂള്‍ എസ് സീ കോളനി, എട്ടാം വാര്‍ഡിലെ എസ് സി കോളനി, 7ാം വാര്‍ഡിലെ ചൗക്കി, അമ്പിത്തടി, ഗെറുകട്ട, ബഡാജെ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ കുടി വെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ സ്ഥലം സന്ദര്‍ശനത്തിന് എത്തിയ വാട്ടര്‍ അതോറിറ്റിയുടെ അസിസ്റ്റന്റ് എഞ്ചിനീയറെ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി.
തുടര്‍ന്ന് മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്റഫിന്റെ ഇടപെടലോടുകൂടി ജനങ്ങള്‍ക്ക് നിര്‍ത്തിവെച്ച മോട്ടോറുകള്‍ തുറന്നു കൊടുത്തു. കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് കുടിവെള്ള ക്ഷാമം അതി രൂക്ഷമായിരുന്നു. ഈ സാഹചര്യത്തില്‍ വെള്ളം കിട്ടിയതോടെ ജനങ്ങള്‍ക്കത് ആശ്വാസമായി മാറി. അതേ സമയം പ്രാദേശിക ഭരണകൂടങ്ങള്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പ്രത്യേക ഫണ്ടോ സംവിധാനങ്ങളോ നല്കി സഹായിക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജലവിതരണ ചുമതലയുള്ള ജലഅതോറിറ്റി പ്രശ്നത്തില്‍ ഇടപ്പെട്ട് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.