പാകിസ്ഥാനിൽ ഹിന്ദുഡോക്ടറെ കഴുത്തറുത്തുകാെന്നു, കൊല്ലപ്പെട്ടത് സ്വന്തം വീട്ടിനുള്ളിൽ
കറാച്ചി: പാകിസ്ഥാനിൽ ഹിന്ദുഡോക്ടറെ കഴുത്തറുത്തുകൊന്നു. പാക് ഹൈദരാബാദിലെ ഡോക്ടറായ ധരം ദേവ് രാതിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഡ്രൈവറാണ് കൊലപാതകിയെന്നും ഖൈർപൂരിലെ വീട്ടിൽ നിന്ന് ഇയാളെ അറസ്റ്റുചെയ്തെന്നുമാണ് പൊലീസ് പറയുന്നത്.വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കാറിൽ വച്ച് ഡോക്ടറും ഡ്രൈവറും വഴക്കിട്ടു. ഇതിൽ കലിപൂണ്ട് കൊല നടത്തുകയായിരുന്നു എന്നാണ് ഡോക്ടറുടെ വീട്ടിലെ പാചകക്കാരൻ പറയുന്നത്. ഡോക്ടറെ വീട്ടിലെത്തിച്ച ഉടൻ ഡ്രൈവർ അടുക്കളയിൽ നിന്ന് കത്തിയെടുത്ത് ബലംപ്രയോഗിച്ച് കഴുത്തറുക്കുകയും തുടർന്ന് ഡോക്ടറുടെ കാറിൽ രക്ഷപ്പെടുകയും ചെയ്തുവെന്നും പാചകക്കാരൻ പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകി പിടിയിലായത്.പാകിസ്ഥാനിലെ ഹൈദരാബാദ് പ്രദേശത്തെ അറിയപ്പെടുന്ന ത്വക് രോഗ വിദഗ്ദ്ധനാണ് ധരം ദേവ്. 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടിയ പോലീസിനെ പാകിസ്ഥാൻ ന്യൂനപക്ഷകാര്യ മന്ത്രി ജിയാൻ ചന്ദ് എസ്സാരാനി അഭിനന്ദിച്ചു. കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.