അപ്രതീക്ഷിത അപകടത്തിന്റെ ഞെട്ടലില്‍ നാട്
കല്ലമ്ബലം: റോഡരികിലെ തണലിടത്തില്‍ സംസാരിച്ച് നിന്നവര്‍ക്ക് ഇടയിലേക്ക് അപ്രതീക്ഷിതമായി പാഞ്ഞുകയറിയ വാഹനമുണ്ടാക്കിയ ദുരന്തത്തിന്റെ ഞെട്ടലിലാണ് നാടാകെ.
കെ.ടി.സി.ടി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍നിന്ന് അമ്ബത് മീറ്റര്‍ മാത്രം അകലെയാണ് ബസ് സ്റ്റോപ്. ദേശീയപാതക്ക് അരികില്‍ തണല്‍ മരങ്ങളുള്ള ഭാഗത്താണ് കുട്ടികള്‍ ബസ് കാത്തുനില്‍ക്കാറുള്ളത്.
മൂന്നരക്ക് ക്ലാസ് കഴിഞ്ഞയുടന്‍ ആദ്യ ബസില്‍തന്നെ വീടെത്താന്‍ ഓടിയെത്തിയവരാണ് അപ്പോള്‍ സ്റ്റോപ്പില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ബസ് എത്തും മുമ്ബ് ആഡംബര കാര്‍ ഇവര്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ആ ഭാഗത്തേക്ക് നോക്കിയ വ്യാപാരികളും ജങ്ഷനിലുണ്ടായിരുന്നവരും കണ്ടത് വിദ്യാര്‍ഥികള്‍ പല ഭാഗത്തേക്ക് തെറിച്ചുപോകുന്നതാണ്.
വാഹനം നേരിട്ട് ഇടിച്ചവര്‍ക്ക് പുറമെ തെറിച്ചുവീണ കുട്ടികള്‍ കൂട്ടിയിടിച്ചും പലര്‍ക്കും പരിക്കേറ്റു. പത്ത് മീറ്റര്‍ അകലേക്കുവരെ കുട്ടികള്‍ തെറിച്ചുവീണു. ശ്രേഷ്ഠയും രണ്ടു സുഹൃത്തുക്കളും കാറിന് അടിയില്‍പെട്ടു. സുഹൃത്തുക്കള്‍ ചോരയില്‍ കുളിച്ചുകിടക്കുന്നത് കണ്ട വിദ്യാര്‍ഥിനികളില്‍ പലരും കുഴഞ്ഞുവീണു.
സുഹൃത്തുക്കള്‍ക്ക് അപകടം പറ്റിയതറിഞ്ഞ് കോളജ് വിദ്യാര്‍ഥികളും ഓടിയെത്തിയെങ്കിലും സ്ഥലത്തെ കാഴ്ച കണ്ട് മരവിച്ചു നില്‍ക്കാനേ കഴിഞ്ഞുള്ളൂ. തുടര്‍ന്ന് ആംബുലന്‍സുകള്‍ക്ക് ഒപ്പവും അല്ലാതെയും കുട്ടികള്‍ ഹോസ്പിറ്റലിലേക്ക് പാഞ്ഞെത്തി.
കൂട്ടുകാരുടെ ആരോഗ്യവസ്ഥയിലുള്ള ആശങ്കയിലായിരുന്നു അവരെല്ലാം. സഹപാഠികളില്‍ ഒരാള്‍ മരിച്ചെന്നതും രണ്ടുപേരുടെ നില ഗുരുതരമാണെന്നതും അവരെ തളര്‍ത്തി. കെ.ടി.സി.ടി ആശുപത്രിയുടെ വരാന്തയിലും പരിസരത്തുമായി കുട്ടികള്‍ തളര്‍ന്നിരുന്നു. അധ്യയനവര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഉണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ് വിദ്യാര്‍ഥികള്‍.