2018 മുതൽ ഭൂമി വാങ്ങിയവരുടെ ശ്രദ്ധയ്ക്ക്, ആധാരത്തിൽ വില എത്രയാണ് കാണിച്ചിട്ടുള്ളത്?
കണ്ണൂർ: വില കുറച്ച് കാണിച്ച് ഭൂമി വിറ്റെന്നാരോപിച്ച് നോട്ടീസ് ലഭിച്ച രണ്ട് ലക്ഷം പേർ, ഉദ്യോഗസ്ഥർ നിശ്ചയിച്ച ന്യായവില മാർച്ച് 31ന് മുമ്പ് അടച്ചില്ലെങ്കിൽ റവന്യു റിക്കവറിയടക്കം നേരിടേണ്ടിവരും. ഏപ്രിൽ മുതൽ റവന്യു റിക്കവറിയടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ 313 സബ് രജിസ്ട്രാർ ഓഫീസുകൾക്ക് കീഴിലാണിത്.
2018 മുതൽ 2023 വരെ ഭൂമി ഇടപാട് നടത്തിയവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ പഞ്ചായത്തുകളിൽ അഞ്ച് സെന്റ് വരെ ഭൂമി ഇടപാട് നടത്തിയവരെ ഇതിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പുതുവഴികൾ തേടുന്ന സർക്കാരിന് ന്യായവില കുടിശികയായി 200 കോടിയാണ് വരുമാനം പ്രതീക്ഷിക്കുന്നത്.
ന്യായവില നിശ്ചയിക്കുന്നത് റവന്യൂ വകുപ്പാണ്. കൈമാറ്റം ചെയ്ത ഭൂമിക്ക് വില കുറഞ്ഞുപോയെന്ന് നോട്ടീസ് അയക്കുന്നത് സബ് രജിസ്ട്രാർമാരും. ഭൂമി കാണാതെയും മാനദണ്ഡം പാലിക്കാതെയുമാണ് നോട്ടീസ് നൽകി അധിക പണം പിരിക്കുന്നത്.
സർക്കാർ വില ഭൂമിയുടെ വിപണിയെക്കാൾ ഉയർന്നതിനാൽ ഏക്കർ കണക്കിന് ഭൂമിയാണ് കൈമാറ്റം ചെയ്യാതെ കിടക്കുന്നത്. ഇതിന് പിന്നാലെയാണ് പുതിയ ഇരുട്ടടി.