‘പുതിയ സാധനം’ അകത്തുചെന്നപ്പോൾ പഴയത് പലതും പുറത്തേക്കുവന്നു, പത്തനംതിട്ടയിൽ പൊലീസുകാരുടെ സിനിമാ സ്റ്റൈൽ കൂട്ടയടി , തൊപ്പി പോയി
പത്തനംതിട്ട: പൊലീസുകാരൻ സംഘടിപ്പിച്ച പ്രൊമോഷൻ പാർട്ടിക്കിടെ പൊലീസുകാരുടെ സിനിമാ സ്റ്റൈൽ കൂട്ടയടി. ഉന്നത ഉദ്യോഗസ്ഥർ വിവരമറിഞ്ഞതോടെ തമ്മിലടിച്ച എ എസ് ഐയ്ക്കും പൊലീസ് ഡ്രൈവര്‍ക്കും സസ്പെന്ഷന്. പത്തനംതിട്ടയിലെ ഗ്രേഡ് എ എസ് ഐ. ഗിരി,പൊലീസ് ഡ്രൈവര്‍ ജോണ്‍ ഫിലിപ്പ് എന്നിവർക്കെതിരെയാണ് പത്തനംതിട്ട എസ് പി നടപടി എടുത്തത്.സ്പെഷ്യൽ ബ്രാഞ്ച് എസ് ഐയായി പ്രൊമോഷൻ ലഭിച്ച പൊലീസ് ഉദ്യോഗസ്ഥൻ നടത്തിയ പാർട്ടിക്കിടെയായിരുന്നു സംഭവം. മൈലപ്രയിലെ ഓഡിറ്റോറിയത്തിലായിരുന്നു പാർട്ടി നടത്തിയത്. പാർട്ടി കൊഴുപ്പിക്കാനായി ഏർപ്പെടുത്തിയിരുന്ന ‘ചില സാധനങ്ങൾ’ അകത്തുചെന്നതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നാണ് വിവരം. ഇതാേടെ പഴയ പല കാര്യങ്ങളും എ എസ് ഐയ്ക്കും പൊലീസ് ഡ്രൈവർക്കും ‘തെകിട്ടിവന്നു’. തട്ടയിലെ ഒരു പമ്പിൽ നിന്ന് സ്വകാര്യവാഹനത്തിന് ഫ്രീയായി പെട്രോളടിക്കുന്നതായിരുന്നത്രേ ആ കാര്യം . ഇതിനെപ്പറ്റി പറഞ്ഞ് ഇരുവരും തമ്മിലുളള തർക്കം മുറുകുകയും ഒടുവിൽ കൈയാങ്കളിയിലെത്തുകയുമായിരുന്നു. ഇതോടെ കൂട്ടുകാർ ഇടപെട്ട് ഇരുവരെയും ശാന്തരാക്കിയെങ്കിലും അല്പം കഴിഞ്ഞതോടെ വീണ്ടും പൊരിഞ്ഞ അടിയായി. പിന്നീട് ഒരുതരത്തിലാണ് കൂട്ടുകാർ ഇരുവരെയും വീണ്ടും സമാധാനിപ്പിച്ച് രണ്ടുവശത്താക്കിയത്. അടി കഴിഞ്ഞ ഉടൻതന്നെ വിവരം മേലുദ്യോഗസ്ഥർക്ക് ലഭിക്കുകയും ചെയ്തു.