പ്രവാസിയെ കൊലപ്പെടുത്തിയ കേസിൽ ഒരാളെകൂടി പൊലീസ് അറസ്റ്റ് ചെയ്തു
മഞ്ചേശ്വരം ∙ പുത്തിഗെ മുഗുറോഡിലെ നസീമ മൻസിലെ പ്രവാസിയായ അബൂബക്കർ സിദ്ദിഖിനെ (29) തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഘത്തിലെ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പൈവളികെ കായർകട്ടയിലെ ക്വാർട്ടേഴ്സിലെ താമസക്കാരനും മഞ്ചേശ്വരം ഉദ്യാവർ സെക്കൻഡ് റെയിൽവേ ഗേറ്റിനു സമീപത്തെ മുഹമ്മദ് നിയാസ് (35) നെയാണ് സിഐ എ.സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇനി കേസിൽ 8 പ്രതികളെ കൂടി പിടികൂടാനുണ്ട്. കേസിലെ മുഖ്യപ്രതികളായ 2 പേർ ഉടൻ വലയിലാകുമെന്നു പൊലീസ് സുചിപ്പിച്ചു. കഴിഞ്ഞ ജൂൺ 26നു രാത്രിയാണ് അബൂബക്കർ സിദ്ദിഖിനെ കൊലപ്പെടുത്തിയതിനു ശേഷം വാഹനത്തിൽ കയറ്റി ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞത്. കൊലപാതകത്തിനു ശേഷം നേപ്പാളിലേക്ക് മുങ്ങിയ പ്രതിയെ കഴിഞ്ഞ ദിവസമാണ് മഞ്ചേശ്വരത്ത് എത്തിയത്. ഇതറിഞ്ഞ് എത്തിയ പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. മഞ്ചേശ്വരം സ്വദേശിയുമായി ബന്ധപ്പെട്ട് അബൂബക്കർ സിദ്ദിഖിനു വിദേശത്തുണ്ടായ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.