‘അന്ന് ഞാൻ അഞ്ചിലാണ്, അയാൾ ചെയ്തത് എന്തെന്ന് പോലും മനസിലായിരുന്നില്ല’; മോശം അനുഭവത്തെ കുറിച്ച് അനശ്വര
മലയാള സിനിമയിലെ ശ്രദ്ധേയ ആയ യുവ നടിയാണ് അനശ്വര രാജൻ. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ് അനശ്വര മലയാളികൾക്ക് സമ്മാനിച്ചത്. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അനശ്വര ശ്രദ്ധനേടുന്നത്. ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി എത്തിയും താരം കയ്യടി നേടി. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം തന്നെ സൈബർ ആക്രമണങ്ങൾക്കും വിമർശനങ്ങൾക്കും അനശ്വര പാത്രമായിട്ടുണ്ട്. ഇപ്പോഴിതാ കുട്ടിക്കാലത്ത് തനിക്കുണ്ടായൊരു മോശം അനുഭവത്തെ കുറിച്ച് അനശ്വര പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ബസിൽ യാത്ര ചെയ്തപ്പോഴുണ്ടായ മോശം അനുഭവമാണ് അനശ്വര രാജൻ പറയുന്നത്. താൻ മാറിപ്പോയെന്ന് നാട്ടുകാർ പറയാറുണ്ടെന്നും നടി പറയുന്നു. അതിനെ താൻ പോസിറ്റീവ് ആയിട്ടാണ് എടുക്കുന്നതെന്നും ജീവിതാനുഭവങ്ങൾ വരുമ്പോൾ ആരായാലും മാറും. നാടോടുമ്പോൾ നടുവേ ഓടണം എന്നാണല്ലോ എന്നും അനശ്വര പറയുന്നു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് താരത്തിന്റെ പ്രതികരണം.