കാലിൽ ക്യാമറയും മൈക്രോ ചിപ്പും, ചിറകിൽ കോഡ് ഭാഷ: ഒഡീഷയിൽ പിടിയിലായത് ‘ചാരപ്രാവ്’
ഭുവനേശ്വർ: ഒഡീഷയിൽ ചാരപ്രാവിനെ പിടികൂടി. ഇതിന്റെ കാലുകളിൽ നിന്ന് ക്യാമറയും മൈക്രോ ചിപ്പും കണ്ടെടുത്തിട്ടുണ്ട്. ഒഡീഷയിലെ ജഗത്സിംഗ്പൂർ ജില്ലയിലെ മത്സ്യബന്ധന ബോട്ടിൽ നിന്നാണ് പ്രാവിനെ പിടികൂടിയത്. ചാരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
സംശയം തോന്നിയ മത്സ്യത്തൊഴിലാളികളാണ് പ്രാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. പൊലീസ് നടത്തിയ പരിശോധനയിൽ പ്രാവിന്റെ ചിറകിലും പരിചിതമല്ലാത്ത ഭാഷയിൽ ചില കുറിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതും സംശയത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ഇത് മനസിലാക്കാൻ വിദഗ്ദ്ധരുടെ സഹായം തേടിയിട്ടുണ്ട്. പ്രാവിനെ വിശദമായി പരിശോധിച്ചശേഷമേ കൂടുതൽ എന്തെങ്കിലും പറയാൻ കഴിയൂ എന്നാണ് അധികൃതർ പറയുന്നത്.