പശുമോഷണവും കവര്‍ച്ചയും പതിവാക്കിയ കാസര്‍കോട് സ്വദേശി അടക്കം രണ്ടുപേര്‍ മംഗളൂരുവില്‍ അറസ്റ്റില്‍
മംഗളൂരു: പശുമോഷണവും കവര്‍ച്ചയും പതിവാക്കിയ കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേരെ മംഗളൂരുവില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഗഞ്ചിമഠം പ്രാഥമികാരോഗ്യ കേന്ദ്രം പരിസരത്ത് താമസിക്കുന്ന ഇര്‍ഷാദ് (32), കാസര്‍കോട് മഞ്ചേശ്വരത്തെ ഇര്ഫാന് (29) എന്നിവരെയാണ് ബജ്പെ പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ പൂവപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയതത്.
ഇര്‍ഷാദിനും ഇര്‍ഫാനും ഒപ്പമുണ്ടായിരുന്ന മദഡുക്കയിലെ ഫാറൂഖ് പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ടു. പശുക്കളെ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറും മറ്റ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. പിടിയിലായവരെ ചോദ്യം ചെയ്തപ്പോള്‍ വിട്ള പൊലീസ് സ്റ്റേഷന് പരിധിയിലെ മിത്തൂരില്‍ നിന്ന് അടുത്തിടെ ആറ് പശുക്കളെയും ബഡഗ എടപ്പടവ് ദദ്ദിയില് നിന്ന് രണ്ട് പശുക്കളെയും മോഷ്ടിച്ചതായി സമ്മതിച്ചു.
പ്രതികള്‍ക്കെതിരെ ബജ്പെ, കൊണാജെ, കാവൂര്‍, മൂഡുബിദ്രി, മംഗളൂരു നോര്‍ത്ത്, പുഞ്ചലകട്ടെ, ബണ്ട്വാള്‍ സിറ്റി, ബണക്കല്‍, ബസവനഹള്ളി, ചിക്കമംഗളൂരു സിറ്റി പൊലീസ് സ്റ്റേഷനുകളില്‍ പശു മോഷണത്തിനും കവര്‍ച്ചയ്ക്കും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.