ഭർത്താവിന്റെ എട്ട് ലക്ഷം കവർന്ന ശേഷം കാമുകനൊപ്പം ഒളിച്ചോടാൻ ഒരു വർഷമായി കാത്തിരുന്ന യുവതി പിടിയിൽ, കേസ് തെളിയിച്ചത് പൊലീസിന്റെ ബുദ്ധിയിൽ
മുംബയ് : കാമുകനൊപ്പം ഒളിച്ചോടുന്നതിന് വേണ്ടി ഭർത്താവിന്റെ കൈവശമുണ്ടായിരുന്ന പണവും, സ്വർണവും കവർന്ന യുവതി പിടിയിൽ. മുംബയിലെ മലാഡിലാണ് സംഭവം. വിദഗ്ദ്ധമായ പദ്ധതി തയ്യാറാക്കിയാണ് യുവതി കാമുകനൊപ്പം ഒളിച്ചോടാൻ ഭർത്താവ് ജ്യോതിറാമിന്റെ പണം കവർന്നത്. മുപ്പത്തിയൊന്നുകാരിയായ പായൽ ജ്യോതിറാം ഷെഡ്ഗെ എന്ന യുവതിയാണ് തിങ്കളാഴ്ച മോഷണക്കുറ്റത്തിന് പൊലീസിന്റെ പിടിയിലായത്.പൊലീസ് പറയുന്നതനുസരിച്ച്, 2022 മേയ് മാസത്തിലാണ് മോഷണം നടന്നത്. ഈ ദിവസം ഭാര്യയ്ക്കൊപ്പം ജ്യോതിറാം ഒരു ദീർഘയാത്ര പോയിരുന്നു. യാത്രയ്ക്ക് മുൻപായി കാർ കഴുകുന്നതിനായി വീട്ടിൽ നിന്നും പോയ സമയത്തായിരുന്നു ഭാര്യ മോഷണം നടത്തിയത്. തിരികെ എത്തിയപ്പോൾ തയ്യാറായി കാറിനരികിൽ എത്തിയ ഭാര്യയുമായി ഇയാൾ യാത്ര പോയി. ആറ് ദിവസത്തിന് ശേഷം തിരികെ എത്തുകയുമായിരുന്നു. തിരികെ എത്തിയപ്പോഴാണ് വാതിലിന്റെ പൂട്ട് തകർത്തതായും ലോക്കറിൽ നിന്ന് എട്ട് ലക്ഷം രൂപ വിലമതിക്കുന്ന പണവും ആഭരണങ്ങളും നഷ്ടപ്പെട്ടതായും ജ്യോതിറാം മനസിലാക്കിയത്. തുടർന്ന് പൊലീസിൽ പരാതി നൽകി.അജ്ഞാതരായ മോഷ്ടാക്കൾക്കെതിരെ കേസെടുത്ത പൊലീസിന് പക്ഷേ നിർണായക തെളിവുകളൊന്നും മോഷണ സ്ഥലത്ത് നിന്നും കണ്ടെത്താനായില്ല. തുടർന്ന് കുറ്റകൃത്യം നടന്ന സ്ഥലത്തെ വിരലടയാളങ്ങൾ പരിശോധിക്കാൻ ഫോറൻസിക് ഉദ്യോഗസ്ഥരെ എത്തിച്ചു. ഫോറൻസിക് ലബോറട്ടറിയിൽ നിന്നുള്ള റിപ്പോർട്ട് ഈ വർഷം ഫെബ്രുവരി 28നാണ് ലഭിച്ചത്. ഇതിൽ വീട്ടിന് പുറത്തുള്ള ഒരാളുടേയും വിരലടയാളം കണ്ടെത്താനായിരുന്നില്ല.തുടർന്നാണ് കള്ളൻ വീട്ടിനുള്ളിലുള്ള ആളാണെന്ന സംശയം പൊലീസിനുണ്ടായത്. വീടിനുള്ളിൽ നിന്ന് പ്രധാന വാതിലിന്റെ പൂട്ട് തകർത്തത് കണ്ടെത്തിയതും തെളിവായി. തുടർന്ന് പായലിനെ ചോദ്യം ചെയ്തപ്പോൾ യുവതി സത്യം പറയുകയായിരുന്നു. യാത്ര പോകുന്നതിന് മുൻപേ താൻ സ്വർണവും പണവും കവർന്നുവെന്നും, ഇത് കാമുകനു കൈമാറിയെന്നും വെളിപ്പെടുത്തി. ഒളിവിൽ പോയ കാമുകന് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ആരംഭിച്ചു.