‘നീയാണ് എന്റെ പ്രണയത്തിന്റെ വിലാസം’; അനശ്വരയുടെ കുറിപ്പ് വൈറൽ
അനശ്വര രാൻ, ഹക്കീം ഷാജഹാൻ
‘‘എന്റെ വിനോദിന്, പ്രണയത്തിന്റെ വേർപാടിലും ഓരോ നിമിഷവും ജീവിച്ച് തീർക്കുന്ന നീയാണ് എന്റെ പ്രണയത്തിന്റെ വിലാസം’’, പ്രണയവിലാസത്തിലെ അനുശ്രീ എന്ന കഥാപാത്രം കുറിച്ചിരിക്കുന്ന പ്രണയത്തിൽ ചാലിച്ച ഈ വരികൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. സിനിമയിൽ അനുശ്രീ എന്ന കഥാപാത്രമായെത്തിയ അനശ്വര രാജൻ തന്റെ കാമുകനായ വിനോദായി സിനിമയിലെത്തിയ ഹക്കീം ഷാജഹാനെ അഭിനന്ദിച്ചുകൊണ്ട് എഴുതിയ കുറിപ്പാണ് ആരാധകരും ഏറ്റെടുത്തത്.
‘‘എന്റെ വിനോദിന്, പ്രണയത്തിന്റെ വേർപാടിലും ഓരോ നിമിഷവും ജീവിച്ച് തീർക്കുന്ന നീയാണ് എന്റെ പ്രണയത്തിന്റെ വിലാസം. ഞാൻ ആരാധിക്കുകയും യഥാർഥ ജീവിതത്തിൽ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു സാങ്കൽപിക കഥാപാത്രമായ അനുശ്രീയുടെ വിനോദ് എന്ന സാങ്കൽപ്പിക കഥാപാത്രത്തിനും വിനോദിന് ജീവൻ നൽകി ആ കഥാപാത്രത്തെ മികച്ചതാക്കിയ മിടുക്കനായ നടൻ ഹക്കീം ഷാജഹാനുമുള്ള അഭിനന്ദനകുറിപ്പാണിത്’’, അനശ്വര കുറിച്ചു.
രോമാഞ്ചത്തിനു ശേഷം ഈ വർഷം മികച്ച പ്രതികരണം നേടുന്ന സിനിമയായി മാറുകയാണ് പ്രണയ വിലാസം. പ്രേക്ഷക, നിരൂപക പ്രശംസ ഒരുപോലെ നേടിയ ചിത്രം തിയറ്ററുകളിൽ മികച്ച മുന്നേറ്റമാണ് ഇതിനകം കാഴ്ചവച്ചിരിക്കുന്നത്.
അർജുൻ അശോകനും മമിതാ ബൈജുവും അനശ്വര രാജനും ഹക്കീം ഷാജഹാനും മനോജ് കെ.യുവും ശ്രീധന്യയെയും പോലെ കഴിവുറ്റ അഭിനേതാക്കളുടെ നീണ്ടനിര തന്നെ ചിത്രത്തിലുണ്ട്. രണ്ടു കാലഘട്ടങ്ങളിലെ പ്രണയങ്ങളെ ഏറെ മികച്ച രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട് സിനിമയെന്നാണ് പ്രേക്ഷക പ്രതികരണം. യുവാക്കൾക്കും കുടുംബങ്ങൾക്കും ഒരുപോലെ കണ്ടിരിക്കാനാവുന്ന മനോഹരമായൊരു സിനിമയിൽ സ്വഭാവിക നർമ്മങ്ങളും വൈകാരിക മുഹൂര്‍ത്തങ്ങളും ആവോളമുണ്ട്.
നിഖിൽ മുരളിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജ്യോതിഷ് എം, സുനു എ.വി. എന്നിവർ ചേര്‍ന്നാണ് പ്രണയവിലാസത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് നിര്‍മ്മാണം. ചാവറ ഫിലിംസ്, ന്യൂസ്പേപ്പർ ബോയ് എന്നീ ബാനറുകളിലാണ് സിനിമയുടെ നിർമാണം. ഗ്രീൻ റൂം ആണ് ചിത്രം റിലീസിനെത്തിക്കുന്നത്. സീ5 സിനിമയ്ക്കാണ് സിനിമയുടെ ഡിജിറ്റൽ റൈറ്റ്സ്. സീ കേരളത്തിനാണ് സാറ്റ്ലൈറ്റ് റൈറ്റ്സ്. ഓഡിയോ റൈറ്റ്സ് തിങ്ക് മ്യൂസിക്കിനാണ്.
ഛായാഗ്രഹണം ഷിനോസ്, എഡിറ്റിംഗ് ബിനു നെപ്പോളിയൻ, ഗാനരചന സുഹൈൽ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാർ, സംഗീതം ഷാൻ റഹ്മാൻ, ആർട്ട് ഡയറക്ടർ രാജേഷ് പി. വേലായുധൻ, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം സമീറ സനീഷ്, സൗണ്ട് ഡിസൈൻ ശങ്കരൻ എ.എസ്, കെ.സി സിദ്ധാർഥൻ, സൗണ്ട് മിക്സ് വിഷ്ണു സുജതൻ, മാര്‍ക്കറ്റിങ് സ്നേക്ക്പ്ലാന്റ്.