എസ്എസ്എൽസി: നാളെ പരീക്ഷാ ഹാളിലേക്ക് 19566 വിദ്യാർഥികൾ
കാസർകോട് ∙ നാളെ ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷ എഴുതാൻ ജില്ലയിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത് 19566 വിദ്യാർഥികൾ. ഇതിൽ 9433 പെൺകുട്ടികളാണ്. 156 സെന്ററുകളിലായിട്ടാണു ജില്ലയിൽ പരീക്ഷ നടക്കുന്നത്. കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 5746 ആൺകുട്ടികൾ ഉൾപ്പെടെ 10957 പേരും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 4222 പെൺകുട്ടികൾ അടക്കം 8609 വിദ്യാർഥികളുമാണു പരീക്ഷ എഴുതാനായി റജിസ്റ്റർ ചെയ്തത്. കാഞ്ഞങ്ങാട്ട് 75, കാസർകോട്ട് 81 സെന്ററുകളുണ്ട്.
ജില്ലയിൽ കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹൈസ്കൂളിലാണ്. 855 കുട്ടികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. കുറവ് മൂഡംബയൽ ഗവ.ഹൈസ്കൂളിലാണ്. ഇവിടെ 17 കുട്ടികളാണുള്ളത്.ഗവ.വിദ്യാലയങ്ങളിൽ – 10922, എയ്ഡഡ് – 6859, അൺ എയ്ഡഡ് – 1785 വിദ്യാർഥികളുമാണു ജില്ലയിൽ പരീക്ഷ എഴുതുന്നത്.