അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പറഞ്ഞതിൽ ലജ്ജയില്ല, നാണിക്കേണ്ടത് അത്തരം പ്രവൃത്തി ചെയ്തയാളെന്ന് ഖുഷ്ബു
ഹൈദരാബാദ്: അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരസ്യമായി പറഞ്ഞതിൽ ലജ്ജിക്കുന്നില്ലെന്ന് ദേശീയ വനിതാ കമ്മിഷൻ അംഗവും ബി ജെ പി നേതാവും നടിയുമായി ഖുഷ്ബു സുന്ദർ. എ എൻ ഐയോടാണ് ഖുഷ്ബു ഇക്കാര്യം വ്യക്തമാക്കിയത്.’ഞെട്ടിപ്പിക്കുന്ന തരത്തിലെ പ്രസ്താവനയല്ല താൻ പറഞ്ഞത്. എനിക്ക് സംഭവിച്ച കാര്യമാണ് തുറന്നു പറഞ്ഞത്. ഞാനല്ല, മറിച്ച് അത്തരം ഹീനപ്രവൃത്തികൾ ചെയ്തയാളാണ് ലജ്ജിക്കേണ്ടത്. എന്തുതന്നെ സംഭവിച്ചാലും ശക്തരായിരിക്കുകയും സ്വയം നിയന്ത്രണം ഏറ്റെടുക്കുകയും വേണം. ഒന്നും നിങ്ങളെ തളർത്താൻ പാടില്ല. ഇത്തരം കാര്യങ്ങൾ ജീവിതത്തിന്റെ അവസാനമല്ലെന്ന് തിരിച്ചറിയണം. ഇക്കാര്യം തുറന്നുപറയാൻ എനിക്ക് ഏറെക്കാലം വേണ്ടിവന്നു. ഇത്തരം കാര്യങ്ങൾ തുറന്നുപറയാൻ സ്ത്രീകൾ ധൈര്യപ്പെടണം. എനിക്കിത് സംഭവിച്ചുവെന്നും എന്തുതന്നെയായാലും മുന്നോട്ടുപോകുമെന്നുള്ള നിശ്ചദാർഢ്യം വേണമെന്നും’ ഖുഷ്ബു വ്യക്തമാക്കി.എട്ടാം വയസിൽ അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് ബർഖ ദത്തിന്റെ വീ ദ വുമൺ ഇവന്റിൽ ആയിരുന്നു ഖുശ്ബു വെളിപ്പെടുത്തിയത്. ഒരു കുട്ടി പീഡിക്കപ്പെടുമ്പോൾ അത് പെൺകുട്ടിയായാലും ആൺകുട്ടിയായാലും അവരുടെ ജീവിതത്തിലാണ് മുറിവേൽക്കുന്നത്. എന്റെ അമ്മ ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് കടന്നുപോയത്. ഭാര്യയെ തല്ലുന്നതും മക്കളെ തല്ലുന്നതും ഏക മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണെന്ന് കരുതിയിരുന്ന ഒരാളായിരുന്നു അച്ഛൻ.എട്ടാമത്തെ വയസിലാണ് അച്ഛൻ ലൈംഗികമായും ശാരീരികമായും ഉപദ്രവിച്ചത്. 15 വയസുള്ളപ്പോഴാണ് അച്ഛന് എതിരെ സംസാരിക്കാൻ എനിക്ക് ധൈര്യമുണ്ടായത്. മറ്റു കുടുംബാംഗങ്ങൾ കൂടി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ഭയന്നിരുന്നു. അമ്മ എന്നെ വിശ്വസിക്കില്ല എന്ന് ഭയന്നായിരുന്നു വിവരം പുറത്തുപറയാത്തത്. കാരണം ഭർത്താവ് ദൈവമാണ് എന്ന ചിന്താഗതിയായിരുന്നു അമ്മയ്ക്ക്. തന്റെ 16 വയസിൽ അച്ഛൻ തങ്ങളെ ഉപേക്ഷിച്ചുപോയി എന്നും ഖുശ്ബു വെളിപ്പെടുത്തിയിരുന്നു.