ചുരുളഴിഞ്ഞത് പ്രതികൾ സമർഥമായി മറച്ചു വയ്ക്കാൻ ശ്രമിച്ച കൊലപാതകം
നീലേശ്വരം ∙ കോട്ടപ്പുറം മാട്ടുമ്മൽ പാലം പണിക്കെത്തിയ തമിഴ്നാട് മധുര സ്വദേശി രമേശൻ(42) കൊല്ലപ്പെട്ട സംഭവത്തിൽ 3 പേർ അറസ്റ്റിലായതോടെ ചുരുളഴിഞ്ഞതു പ്രതികൾ സമർഥമായി മറച്ചു വയ്ക്കാൻ ശ്രമിച്ച കൊലപാതകം. കോട്ടപ്പുറം ഗ്രീൻസ്റ്റാർ ക്ലബ്ബിനു സമീപം മാട്ടുമ്മൽ പാലം പണിക്കെത്തിയ തൊഴിലാളികൾ താമസിക്കുന്ന കോട്ടപ്പുറം ഗ്രീൻസ്റ്റാർ ക്ലബ്ബിനു സമീപത്തെ വാടക വീട്ടിൽ ശനിയാഴ്ച രാത്രി വൈകി രമേശൻ ഹൃദയസ്തംഭനം മൂലം മരിച്ചു കിടക്കുന്നതായി പ്രതികൾ തന്നെയാണു നാട്ടുകാരെ വിവരമറിയിച്ചത്.
നാട്ടുകാർ ഈ വിവരം നീലേശ്വരം പൊലീസിനു കൈമാറി. പൊലീസ് ഉടൻ സ്ഥലത്തു കുതിച്ചെത്തി മൃതദേഹം ഇവിടെ നിന്നു മാറ്റിയ ശേഷം പൊലീസ് കാവൽ ഏർപ്പെടുത്തി. സമീപങ്ങളും നിരീക്ഷണത്തിലാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നതിനു മുൻപു തന്നെ ഫൊറൻസിക് വിദഗ്ധനെ എത്തിച്ചു വിശദമായ തെളിവുകൾ ശേഖരിക്കുകയും ചെയ്തു.രമേശന്റെ മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വന്നതു കണ്ടപ്പോൾ തന്നെ മരണത്തിൽ പൊലീസ് സംശയം പുലർത്തിയിരുന്നു.
പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ തലക്കടിയേറ്റ ക്ഷതമാണു മരണകാരണമെന്ന സൂചന ലഭിച്ചപ്പോൾ മുതൽ നീലേശ്വരം സിഐ കെ.പ്രേംസദൻ, എസ്ഐമാരായ കെ.സജേഷ്, ടി.വിശാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രമേശന്റെ കൂടെ താമസിക്കുന്ന എല്ലാവരെയും വിശദമായി ചോദ്യം ചെയ്തു തുടങ്ങി. ചോദ്യംചെയ്യൽ പൂർത്തിയായതോടെ 3 പ്രതികളെയും വലയിലാക്കുകയും ചെയ്തു.