ജാഥയ്ക്ക് ആളു വരാത്തതിന് മൈക്ക് ഓപ്പറേറ്ററോട് ദേഷ്യപ്പെട്ടിട്ട് എന്തു കാര്യം, പിണറായിക്ക് ശേഷവും സിപിഎമ്മിൽ ഒരു പോക്കിരിയുണ്ടെന്ന് ഇതോടെ വ്യക്തമായെന്ന് കെ എം ഷാജിയുടെ പരിഹാസം
മേൽപ്പറമ്പ് : ജനകീയ പ്രതിരോധ യാത്രയ്ക്കിടെ മൈക്കിനടുത്ത് നിന്ന് സംസാരിക്കാൻ ആവശ്യപ്പെട്ട മൈക്ക് ഓപ്പറേറ്ററെ സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ശകാരിച്ചത് ഏറെ വിവാദമായിരുന്നു. ഈ വിഷയത്തിൽ സി പി എം സംസ്ഥാന സെക്രട്ടറിയെ നിശിതമായി പരിഹസിച്ചുകൊണ്ട് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി നടത്തിയ പ്രസംഗം വൈറലായി. ജാഥയ്ക്ക് ആളു വരാത്തതിന് മൈക്ക് ഓപ്പറേറ്ററോട് ദേഷ്യപ്പെട്ടിട്ട് എന്തു കാര്യമാണുള്ളതെന്നാണ് ഷാജിയുടെ പരിഹാസം. മൈക്ക് നന്നായതു കൊണ്ടല്ല, പറയുന്നോനും അവന്റെ പാർട്ടിയും നല്ലതാണെങ്കിൽ മാത്രമേ ആള് കൂടുകയുള്ളു എന്ന് ഷാജി പറയുന്നു. മൈക്ക് നന്നായതു കൊണ്ടാണ് പരിപാടിക്ക് ആള് കൂടുന്നതെന്നാണ് സി പി എം നേതാവ് കരുതുന്നതെന്നും ഷാജി പരിഹസിക്കുന്നു. പിണറായി വിജയന് ശേഷവും സി പി എമ്മിൽ പോക്കിരിയുണ്ടെന്ന് തനിക്ക് ഇതോടെ വ്യക്തമായെന്നും എം വി ഗോവിന്ദനെ കടന്നാക്രമിച്ച് ഷാജി പരിഹസിച്ചു.
‘നിന്റെ മൈക്കിന്റെ തകരാറിനു ഞാനാണോ ഉത്തരവാദി’ എന്നായിരുന്നു തൃശൂർ ജില്ലയിലെ മാളയിൽ ജനകീയ പ്രതിരോധ ജാഥയ്ക്ക് നൽകിയ സ്വീകരണത്തിൽ പങ്കെടുക്കവേ എം വി ഗോവിന്ദൻ പ്രതികരിച്ചത്. പ്രസംഗത്തിനിടെ മൈക്കിന്റെ ഉയരം ക്രമീകരിക്കാൻ ഓപ്പറേറ്റർ എത്തിയപ്പോഴായിരുന്നു നേതാവ് അസ്വസ്ഥനായത്. സമൂഹമാദ്ധ്യമങ്ങളിലടക്കം ഈ സംഭവത്തിന്റെ വീഡിയോ ഏറെ പ്രചരിച്ചിരുന്നു.