നടൻ ഷുക്കൂറും ഷീനയും വിവാഹിതരായി; മാതാപിതാക്കളുടെ രണ്ടാം വിവാഹത്തിന് സാക്ഷികളായി മക്കൾ
നടനും അഭിഭാഷകനുമായ ഷുക്കൂറും കണ്ണൂർ സർവകലാശാല നിയമവകുപ്പ് മേധാവി ഷീനയും രണ്ടാമതും വിവാഹിതരായി. ഇന്ന് രാവിലെ പത്തേ കാലോടെ ഹൊസ്ദുർഗ് സബ് രജിസ്ട്രാർ ഓഫീസിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് ഇരുവരുടെയും വിവാഹം നടന്നത്.അച്ഛന്റെയും അമ്മയുടെയും രണ്ടാം വിവാഹത്തിന് സാക്ഷികളാകാൻ മക്കളായ ഖദീജ ജാസ്മിൻ, ഫാത്തിമ ജെബിൻ, ഫാത്തിമ ജെസ എന്നിവരും എത്തിയിരുന്നു. ദാമ്പത്യ ജീവിതത്തിന്റെ ഇരുപത്തിയെട്ടാം വർഷമാണ് രണ്ടാം വിവാഹം നടന്നത്.1994 ഒക്ടോബർ ആറിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കാർമികത്വത്തിലായിരുന്നു ഇവർ ആദ്യം വിവാഹിതരായത്. എന്നാൽ മുസ്ലീം പിന്തുടർച്ച നിയമപ്രകാരം ആൺമക്കളുണ്ടെങ്കിൽ മാത്രമേ മുഴുവൻ സ്വത്തും കൈമാറാൻ സാധിക്കുകയുള്ളൂ. ഇല്ലെങ്കിൽ സ്വത്തിന്റെ രണ്ട് ഓഹരി മക്കൾക്കും ഒരു ഓഹരി സഹോദരങ്ങൾക്കും പോകും. ദമ്പതികൾക്ക് മൂന്ന് പെൺകുട്ടികളാണ്. മുഴുവൻ സ്വത്തും മക്കൾക്ക് കിട്ടാൻ വേണ്ടിയാണ് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരാകുന്നതെന്ന് ഷുക്കൂർ നേരത്തെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.