പത്തനംതിട്ടയിൽ ബൈക്കുകളിൽ കാറിടിച്ച് രണ്ടു യുവാക്കൾ മരിച്ചു; രണ്ടുപേർക്ക് ഗുരുതര പരിക്ക്
ബൈക്കുകളിലുണ്ടായിരുന്നവർ പെയിന്റിങ് തൊഴിലാളികളാണ്. റാന്നിയിലെ ജോലിസ്ഥലത്തുനിന്നു പത്തനംതിട്ടയിലെത്തി മടങ്ങുകയായിരുന്നു. സെയ്ന്റ് പീറ്റേഴ്സ് ജങ്ഷനിൽനിന്നു വെട്ടിപ്രം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് എതിരേയെത്തിയ കാർ ഇടിച്ചത്.
അപകടത്തിൽ തകർന്ന ബൈക്കുകളും കാറും
പത്തനംതിട്ട: റിങ് റോഡിൽ വെട്ടിപ്രം ഓർത്തഡോക്സ് പള്ളിക്കുമുൻപിൽ കാർ രണ്ടു ബൈക്കുകളിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.
പാലക്കാട് സ്വദേശി സജി, എറണാകുളം സ്വദേശി ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. ഇവർ ഒരു ബൈക്കിൽ സഞ്ചരിച്ചിരുന്നവരാണ്. രണ്ടാമത്തെ ബൈക്കിലുണ്ടായിരുന്ന ഇടുക്കി സ്വദേശി ദേവൻ (26), പാലക്കാട് കുഴൽമന്ദം സ്വദേശി അനീഷ് (30) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 11.40-നാണ് അപകടം.
ബൈക്കുകളിലുണ്ടായിരുന്നവർ പെയിന്റിങ് തൊഴിലാളികളാണ്. റാന്നിയിലെ ജോലിസ്ഥലത്തുനിന്നു പത്തനംതിട്ടയിലെത്തി മടങ്ങുകയായിരുന്നു. സെയ്ന്റ് പീറ്റേഴ്സ് ജങ്ഷനിൽനിന്നു വെട്ടിപ്രം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് എതിരേയെത്തിയ കാർ ഇടിച്ചത്. ബൈക്കുകൾ പൂർണമായിതകർന്നു. നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. സജി സംഭവസ്ഥലത്തു മരിച്ചു.