സ്കൂട്ടറില്‍ ടോറസ് തട്ടി തെറിച്ചുവീണു, അതേ വാഹനം കയറി അധ്യാപിക മരിച്ചു
തൃപ്രയാർ: സ്കൂട്ടറിൽ ടോറസ് തട്ടിയതിനെത്തുടർന്ന് തെറിച്ചുവീണ അധ്യാപിക അതേവാഹനം കയറി മരിച്ചു. തൃപ്രയാർ ലെമർ പബ്ലിക് സ്കൂൾ അധ്യാപിക നാസിനി (35) യാണ് മരിച്ചത്. ചെന്ത്രാപ്പിന്നി മുന്നാക്കപ്പറമ്പിൽ ഫൈസൽ അബൂബക്കറിന്റെ (ഫാസിൽ) ഭാര്യയാണ്.
ചൊവ്വാഴ്ച രാവിലെ എട്ടോടെ തൃപ്രയാർ ജങ്ഷന് തൊട്ടാണ് അപകടമുണ്ടായത്. സ്കൂളിലേക്ക് ഇലക്ട്രിക് സ്കൂട്ടറിൽ പോകുകയായിരുന്നു നാസിനി.
ജങ്ഷനിൽ ക്ഷേത്രം റോഡിൽനിന്ന് തിരിയുന്ന ഭാഗത്ത് നിർത്തിയിട്ടിരുന്ന സ്വകാര്യബസിനടുത്തുകൂടെ മുന്നോട്ടെടുത്ത സ്കൂട്ടറിൽ ടോറസ് തട്ടിയതിനെത്തുടർന്ന് നാസിനി റോഡിലേക്ക് തെറിച്ചുവീണു. തുടർന്ന് അതേ ടോറസ് കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ നാസിനി മരിച്ചു.
തൃപ്രയാർ ആക്ട്സ് പ്രവർത്തകർ മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിനിടയാക്കിയ വാഹനവും ഡ്രൈവർ കോട്ടയം സ്വദേശി മനോജും പോലീസ് കസ്റ്റഡിയിലാണ്. നാസിനിയുടെ മക്കൾ: ഫാത്തിമത്തുൽ ഫിസ, മുഹമ്മദ് ഫൈസ് (ഇരുവരും കയ്പമംഗലം ഹിറ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ).