പിഎസ്ജിക്ക് തിരിച്ചടിയായി നെയ്മറിന്റെ പരിക്ക്; നാലുമാസത്തോളം കളിക്കാനാവില്ല
പാരിസ്: പരിക്കേറ്റ പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് സീസണില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. നാലുമാസത്തിന് ശേഷം മാത്രമേ നെയ്മറിന് ടീമിനൊപ്പം പരിശീലനം നടത്താന്‍ സാധിക്കുകയുള്ളൂവെന്ന് പിഎസ്ജി അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
വലതു കണങ്കാലിനാണ് പരിക്കേറ്റിരിക്കുന്നതെന്നും മെഡിക്കല്‍ സ്റ്റാഫിന്റെ നിര്‍ദേശപ്രകാരം താരത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്നും ക്ലബ്ബ് അറിയിച്ചു. സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന സൂപ്പര്‍ താരത്തിന്റെ പുറത്താകല്‍ ക്ലബ്ബിന് കനത്ത തിരിച്ചടിയാണ്. എല്ലാ ടൂര്‍ണമെന്റുകളില്‍ നിന്നുമായി 18 ഗോളുകളാണ് നെയ്മര്‍ ഈ സീസണില്‍ പിഎസ്ജിക്കായി അടിച്ചുകൂട്ടിയത്.
നേരത്തേ ഫ്രഞ്ച് ലീഗില്‍ ലില്ലെയ്ക്കെതിരായ മത്സരത്തിലാണ് നെയ്മറിന് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് താരത്തെ കളത്തില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു. വ്യാഴാഴ്ചയാണ് ബയേണിനെതിരായ ചാമ്പ്യന്‍സ് ലീഗ് പ്രീക്വീര്ട്ടര് രണ്ടാം പാദ മത്സരം. നെയ്മറിന്റെ അഭാവത്തിലും പിഎസ്ജിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.