ജപ്തി നേരിടുന്ന ഭൂമികൾ പലതും ഇന്ന് കണ്ണായ സ്ഥലത്ത്, കൊല്ലത്ത് റിയൽ എസ്റ്റേറ്റ് മാഫിയ പിടിമുറുക്കുന്നു൦
കുണ്ടറ: വായ്പ കുടിശികയെ തുടർന്ന് ബാങ്കുകൾ ജപ്തി ചെയ്ത സ്വകാര്യ ഫാക്ടറികൾ റിയൽ എസ്റ്റേറ്റ് മാഫിയകൾ പൊളിച്ചടുക്കി ഫ്ലാറ്റുകളും ഷോപ്പിംഗ് മാളുകളും നിർമ്മിക്കുന്നു. ഇതോടെ എന്നെങ്കിലും ഫാക്ടറികൾ തുറക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെ സ്വപ്നങ്ങൾ തകർന്നടിഞ്ഞിരിക്കുകയാണ്. ബാങ്കുകൾ ജപ്തിനടപടികൾക്കായി ചുമതലപ്പെടുത്തിയിട്ടുള്ള അസെറ്റ് റിക്കവറി കമ്പിനികളും ബാങ്കുകളിൽ നിന്ന് തുച്ഛമായ വിലയ്ക്ക് ഫാക്ടറികൾ കൈക്കലാക്കുന്ന ഭൂമാഫിയ സംഘങ്ങളുമാണ് കശുഅണ്ടി ഫാക്ടറികൾ പൊളിച്ച് വിൽക്കുന്നത്.കേരളപുരത്തെ ഫാക്ടറി ഇത്തരത്തിൽ പൊളിച്ച് പ്ലോട്ടുകളായി വിൽപന നടക്കുകയാണ്. മറ്റ് ചിലയിടങ്ങളിൽ വില്പനയ്ക്കായി വില്ലകളുടെ നിർമ്മാണത്തിനുള്ള ഒരുക്കം നടക്കുന്നു. ചിലയിടങ്ങളിൽ ഷോപ്പിംഗ് മാൾ നിർമ്മാണത്തിനുള്ള ആലോചനകളും പുരോഗമിക്കുന്നു. സർഫാസി നിയമപ്രകാരം, ജപ്തി ചെയ്യുന്ന ആസ്തികൾക്ക് മേലുള്ള ബാദ്ധ്യതകൾ, ഏറ്റെടുക്കുന്നവർക്ക് ബാധകമല്ല. അതുകൊണ്ട് തന്നെ ജപ്തി ചെയ്തതും ജപ്തിയുടെ വക്കിൽ നിൽക്കുന്നതുമായ ഫാക്ടറികളിലെ പതിനായിരക്കണക്കിന് തൊഴിലാളികളുടെ ഗ്രാറ്രുവിറ്റി അടക്കമുള്ള കുടിശികയും കിട്ടില്ലെന്ന് ഉറപ്പാവുകയാണ്. ജില്ലയിൽ ഏകദേശം ഏഴുന്നൂറോളം സ്വകാര്യ ഫാക്ടറികളാണുള്ളത്. ഇതിൽ എഴുപത്തഞ്ചോളം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പ്രവർത്തിക്കുന്നവ അടക്കം ഏകദേശം 650 ഓളം ഫാക്ടറികൾ ജപ്തി ഭീഷണിയിലാണ്. നിലവിൽ ഇരുപതോളം ഫാക്ടറികൾ ജപ്തി ചെയ്തു കഴിഞ്ഞു. നാനൂറോളം ഫാക്ടറികളിൽ ജപ്തി നോട്ടീസ് പതിച്ചുകഴിഞ്ഞു. ഇവ ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ബാങ്കുകളോ അസറ്റ് റിക്കവറി കമ്പിനികളോ പൂർണമായും ഏറ്റെടുക്കും.കണ്ണായ ഭൂമികൾകണ്ണായ സ്ഥലങ്ങളിലാണ് ഭൂരിഭാഗം സ്വകാര്യ ഫാക്ടറികളും പ്രവർത്തിക്കുന്നത്. ലോഡുമായി ലോറികൾ വരേണ്ടതിനാൽ മെച്ചപ്പെട്ട ഗതാഗത സൗകര്യമുള്ളിടത്താണ് പലരും ഫാക്ടറികൾ ആരംഭിച്ചത്. അതുകൊണ്ട് തന്നെ ഈ ഫാക്ടറികൾ ജപ്തി ചെയ്ത് ലേലത്തിന് വയ്ക്കുന്നതും കാത്ത് റിയൽ എസ്റ്റേറ്റ് മാഫിയകളും കറങ്ങിനടക്കുകയാണ്. ബാങ്ക് ഉദ്യോഗസ്ഥരെയും അസറ്റ് റിക്കവറി കമ്പിനികളെയും സ്വാധീനിച്ച് ജപ്തി നടപടികൾ വേഗത്തിലാക്കാനും ഇവർ സമ്മർദ്ദം ചെലുത്തുന്നതായി ആരോപണമുണ്ട്. നോക്കുകുത്തിയായി സർക്കാർ വായ്പ കുടിശികയെ തുടർന്ന് അടഞ്ഞുകിടക്കുന്ന സ്വകാര്യ ഫാക്ടറികൾ തുറന്നുപ്രവർത്തിപ്പിക്കാനായി മുന്നോട്ടുവച്ച വൺ ടൈം സെറ്റിൽമെന്റ് സ്കീം ബാങ്കുകൾ അട്ടിമറിച്ചിട്ടും സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണ്. ഓരോ ഫാക്ടറികൾ അടയുമ്പോഴും നൂറ് കണക്കിന് തൊഴിലാളികളുടെ തൊഴിൽ നഷ്ടമാകുന്നതും സർക്കാർ കണ്ടഭാവം കാണിക്കുന്നില്ല.അടഞ്ഞുകിടക്കുന്ന സ്വകാര്യ ഫാക്ടറികളിലായി ജില്ലയിൽ ഏകദേശം 2.10 ലക്ഷം തൊഴിലാളികളാണ് ജോലിയെടുത്തിരുന്നതെന്ന് സ്വകാര്യ കശുഅണ്ടി ഫാക്ടറി ഉടമകളുടെ സംഘടനാ നേതാക്കൾ പറയുന്നു. സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജും സ്വകാര്യ ഫാക്ടറികൾക്ക് ഗുണകരമല്ലെന്നും സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.’ജപ്തി ചെയ്തോളൂ, പക്ഷേ ഫാക്ടറി നടത്തണം” വൺ ടൈം സെറ്റിൽമെന്റ് സ്കീമും ബാങ്കുകൾ അട്ടിമറിച്ചതോടെ എല്ലാ വഴികളും അടഞ്ഞ പല ഫാക്ടറി ഉടമകളും ജപ്തി നടപടികളോട് പൊരുത്തപ്പെട്ട് കഴിഞ്ഞു. പക്ഷെ വർഷങ്ങൾ നീണ്ട അദ്ധ്വാനത്തിലൂടെ പടുത്തുയർത്തിയ ഫാക്ടറികൾ റിയൽ എസ്റ്റേറ്റ് മാഫിയ പൊളിച്ചടക്കുമെന്ന് ഓർക്കുമ്പോൾ ഇവരുടെ നെഞ്ച് തകരുകയാണ്. ജപ്തി ചെയ്താലും പ്രശ്നമില്ല, തൊഴിലാളികളെ വഴിയാധാരമാക്കാതെ അവിടങ്ങളിൽ ഫാക്ടറി തുറന്ന് പ്രവർത്തിപ്പിക്കണമെന്നാണ് സർക്കാരിനോട് ഉടമകളുടെ ദയനീയമായ അഭ്യർത്ഥന.