ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തിനൽകി പീഡിപ്പിച്ചു; മറ്റാരും വിവാഹം കഴിക്കാതിരിക്കാൻ നെഞ്ചിൽ ബ്ലേഡ് കൊണ്ട് പേരെഴുതി
ലക്നൗ: ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷം പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. കാൺപൂർ സ്വദേശിയായ വിനയ് ഠാക്കൂർ ആണ് പിടിയിലായത്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി.പതിനാറുകാരിയെ ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതി പരിചയപ്പെട്ടത്. സൗഹൃദം മുതലെടുത്ത് കഴിഞ്ഞ ശനിയാഴ്ച ഹുക്ക ബാറിലേക്ക് ഇയാൾ പെൺകുട്ടിയെ ക്ഷണിക്കുകയായിരുന്നു. തുടർന്ന് ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷം പീഡിപ്പിച്ചു. ശേഷം വിജനമായ സ്ഥലത്തുകൊണ്ടുപോയി. അവിടെ പ്രതിയുടെ ഏഴ് സുഹൃത്തുക്കളുണ്ടായിരുന്നു. ഇവരും പതിനാറുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു.കൂട്ട ബലാത്സംഗ ശ്രമം എതിർത്ത പെൺകുട്ടിയെ യുവാവ് മാരകമായി മുറിവേൽപ്പിക്കുകയും, മറ്റാരും വിവാഹം കഴിക്കാതിരിക്കാൻ പതിനാറുകാരിയുടെ നെഞ്ചിൽ ബ്ലേഡ് കൊണ്ട് തന്റെ പേര് എഴുതുകയും ചെയ്തുവെന്ന് കുടുംബം ആരോപിക്കുന്നു. കൂടാതെ പെൺകുട്ടിയുടെ അശ്ലീല വീഡിയോ ഉണ്ടാക്കി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.