കൊച്ചിയിലേത് ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥ, ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപ്പെട്ടു; വിമർശനവുമായി ഹൈക്കോടതി
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടിച്ച് വിഷപ്പുക വ്യാപിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയാണ് കൊച്ചിയിലെന്ന് വിമർശിച്ച കോടതി, കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തി ശിക്ഷിക്കണമെന്നും നിർദേശിച്ചു.
ഉത്തരവാദിത്തം നിറവേറ്റുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡ് പരാജയപ്പെട്ടു. കൊച്ചിയിലെ കടവന്ത്ര, കലൂർ, വൈറ്റില അടക്കമുള്ള പ്രദേശങ്ങളിൽ ഇന്ന് രാവിലെയും കനത്ത പുകയുണ്ടായെന്ന് കോടതി നിരീക്ഷിച്ചു. ബോർഡ് ചെയർമാൻ, ജില്ലാ കളക്ടർ, കോർപറേഷൻ സെക്രട്ടറി എന്നിവർ ഇന്ന് ഉച്ചയ്ക്ക് 1.45ന് ഹാജരാകണമെന്നും കോടതി നിർദേശം നൽകി.
വിഷയത്തിൽ കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് കത്ത് നൽകിയിരുന്നു. തുടർന്ന് കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസ് പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ വിമർശനം.