ഓടുന്ന ട്രെയിനിൽ തർക്കം, യുവാവിനെ തള്ളിയിട്ടു കൊന്നു; സഹയാത്രികൻ അറസ്റ്റിൽ
കോഴിക്കോട്: ഓടുന്ന ട്രെയിനിൽ നിന്ന് യുവാവിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ സഹയാത്രികൻ അറസ്റ്റിൽ. തമിഴ്നാട് ശിവഗംഗ സ്വദേശി സോനു മുത്തു (48) ആണ് പിടിയിലായത്. മുപ്പത് വയസ് തോന്നിക്കുന്ന അജ്ഞാതനെയാണ് കൊയിലാണ്ടി – വടകര സ്റ്റേഷനുകൾക്കിടയിലുള്ള ആനക്കുളം റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മംഗളൂരു – തിരുവനന്തപുരം മലബാർ എക്സ്പ്രസിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കൊല്ലപ്പെട്ട യുവാവും സോനു മുത്തുവും ട്രെയിനിൽ വച്ച് തർക്കിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വാക്കുതർക്കത്തിന് പിന്നാലെ പ്രതി യുവാവിനെ ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു. മറ്റൊരു യാത്രക്കാരനാണ് വീഡിയോ പകർത്തിയത്.
കൊല്ലപ്പെട്ടയാളും പ്രതിയും തമ്മിൽ മുൻപരിചയമില്ലായിരുന്നുവെന്നാണ് വിവരം. എന്തോ വീഡിയോ എടുത്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. ഞായറാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് യുവാവ് പാളത്തിൽ വീണുകിടക്കുന്നത് പരിസരവാസികൾ കണ്ടത്. മൃതദേഹം മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.